തമിഴ്നാട്ടിലെ കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂളിൽ രാഷ്ട്രീയ പരിപാടിയുടെ തത്സമയ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതിനെത്തുടർന്ന് പ്രധാനാധ്യാപികയ്ക്കെതിരെ അച്ചടക്ക നടപടി. സ്കൂളിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനാധ്യാപികയായ എസ്.
മല്ലികയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ പ്രദർശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കർശന വിലക്കുണ്ടായിരുന്നു.
ഇത് ലംഘിച്ച് സ്കൂൾ അങ്കണത്തിൽ പൊതുസമ്മേളനത്തിന്റെ ദൃശ്യങ്ങൾ കാണിച്ചതാണ് നടപടിക്ക് കാരണം. നേരത്തെ, സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ്മോഹൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് അന്തരീക്ഷം സംരക്ഷിക്കണമെന്നും രാഷ്ട്രീയ ഇടപെടലുകൾ അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.
സർക്കാർ പുറത്തിറക്കിയ പുതിയ സർക്കുലർ പ്രകാരം, ഔദ്യോഗിക സർക്കാർ ചടങ്ങുകളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമായിരിക്കും സ്കൂളുകളിൽ പ്രവേശനാനുമതി ഉണ്ടായിരിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിന് മാത്രമുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ള വേദിയല്ലെന്നും മന്ത്രി രാജ്മോഹൻ കർശനമായി ഓർമ്മിപ്പിച്ചിരുന്നു.
കൃത്യവിലോപം കാണിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് പ്രധാനാധ്യാപികക്കെതിരെ ഉദ്യോഗസ്ഥതലത്തിൽ നടപടി സ്വീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

