ബിഹാർ സംസ്ഥാനത്ത് വ്യാജ വിദ്യാഭ്യാസ യോഗ്യതാരേഖകൾ സമർപ്പിച്ച് ജോലിയിൽ പ്രവേശിച്ച മൂവായിരത്തിലധികം സ്കൂൾ അധ്യാപകരെ പുറത്താക്കാൻ സർക്കാർ തീരുമാനിച്ചു. വിജിലൻസ് ബ്യൂറോ നടത്തിയ വിപുലമായ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന നടപടി സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി ഔദ്യോഗികമായി അറിയിച്ചു.
2006 മുതൽ 2015 വരെയുള്ള കാലയളവിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് നിയമനം നേടിയ അധ്യാപകരെയാണ് സർവീസിൽ നിന്നും നീക്കം ചെയ്യുന്നത്. ഇവർക്കെതിരെ പിരിച്ചുവിടൽ നടപടികൾക്ക് പുറമെ കർശനമായ ക്രിമിനൽ കേസുകളും ഫയൽ ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
സർവീസിൽ ഉണ്ടായിരുന്ന കാലയളവിൽ കൈപ്പറ്റിയ മുഴുവൻ ശമ്പളവും ആനുകൂല്യങ്ങളും പലിശ സഹിതം തിരിച്ചടയ്ക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. വിജിലൻസ് കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇതിനകം തന്നെ കുറ്റക്കാരായ അധ്യാപകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മറവിൽ കൃത്രിമ രേഖകൾ നിർമിച്ച് വൻതോതിലുള്ള ക്രമക്കേടുകളാണ് നിയമനങ്ങളിൽ നടന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. അഴിമതിക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന ‘സീറോ ടോളറൻസ്’ നയത്തിന്റെ ഭാഗമായാണ് ഇത്തരം ശക്തമായ നടപടികളെന്ന് വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി വ്യക്തമാക്കി.
നിലവിലെ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അഴിമതികളോട് യാതൊരുവിധ വിട്ടുവീഴ്ചയും കാണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ ആണ് ഈ ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഉത്തരവിട്ടത്.
അതേസമയം, അച്ചടക്ക നടപടികൾ ഭയന്ന് ചില അധ്യാപകർ മുൻകൂട്ടി രാജി സമർപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, രാജി വെച്ചവരെയും നിയമത്തിന്റെ മുന്നിൽ നിന്നും ഒഴിവാക്കില്ലെന്നും, അവരിൽ നിന്നും ശമ്പളതുക തിരിച്ചുപിടിക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ വകുപ്പുതല നടപടികൾ തുടരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

