
ചെർപ്പുളശ്ശേരി: ഉപജീവനം തേടി കുടുംബവുമായി എത്തി, ഫാമിലെ ജല സംഭരണി തകർന്ന് മരിച്ച ഭാര്യയേയും പിഞ്ചുമകനേയും പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ച് പശ്ചിമ ബംഗാൾ സ്വദേശി ബസുദേവ്. പാലക്കാട് ചെർപ്പുളശേരിയിൽ ചൊവ്വാഴ്ചയുണ്ടായ അപകടത്തിലാണ് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം സംഭവിച്ചത്. പശ്ചിമ ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. വെള്ളിനേഴിയിലെ പശു ഫാമിലെ തൊഴിലാളിയായിരുന്നു ഷമാലി.
ഒരേ ഗ്രാമത്തിൽ നിന്നുള്ള ഷമാലിയും ഭർത്താവ് ബസുദേവും വിവാഹശേഷമാണ് കേരളത്തിലേക്ക് തൊഴിൽ തേടിയെത്തിയത്. ബന്ധുക്കളുടെ എതിർപ്പിന് അവഗണിച്ച് നടന്ന വിവാഹത്തിലെ എതിർപ്പ് മകൻ പിറന്നതോടെ അവസാനിച്ചിരുന്നു. ഇവരുടെ മൃതദേഹം തിരികെ പശ്ചിമ ബംഗാളിലേക്കെത്തിക്കാനുള്ള ബുദ്ധിമുട്ടുകൾ മൂലം പാമ്പാടി ഐവർമഠം ശ്മശാനത്തിൽ ഇന്നലെ പോസ്റ്റ്മോർട്ടത്തിന് ശേഷം നടത്തുകയായിരുന്നു.
പ്രിയപ്പെട്ടവരെ നഷ്ടമായ കേരളത്തിൽ നിന്ന് തിരികെ പോവാനുള്ള തീരുമാനത്തിലാണ് ബസുദേവ് ഉള്ളത്. ഷമാലിയുടെ രോഗബാധിതനായ പിതാവിനെ ഇനിയും മകളുടേയും ചെറുമകന്റേയും ദാരുണാന്ത്യത്തേക്കുറിച്ച് അറിയിച്ചിട്ടില്ല. താലൂക്ക് ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങിയത് ബസുദേവ് തന്നെയാണ്. പ്രിയപ്പെട്ടവരെ ഒന്നിച്ച് നഷ്ടമായ വേദനയിൽ നെഞ്ചുപൊട്ടി നിൽക്കുന്ന യുവാവിനെ ആശ്വസിപ്പിക്കാൻ ഇവിടെ എത്തിയ ആർക്കും സാധിച്ചിരുന്നില്ല.
വെള്ളിനേഴ് നെല്ലിപ്പറ്റക്കുന്നിലെ പശുഫാമിൽ താൽക്കാലികമായി നിർമിച്ച ടാങ്കാണ് പൊട്ടിയത്. സിമൻ്റ് കൊണ്ട് ഒന്നര വർഷം മുമ്പ് താൽക്കാലികമായി കെട്ടിയതായിരുന്നു ടാങ്ക്. രതീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഫാം. വെള്ളത്തിൻ്റെ ശക്തി കാരണം ടാങ്ക് മൂന്ന് ഭാഗത്തേക്കും പൊട്ടിയൊഴുകുകയായിരുന്നു. ഈ വെള്ളത്തിലും ടാങ്കിന്റെ അവശിഷ്ടങ്ങൾക്ക് അടിയിലുമായി അമ്മയും കുഞ്ഞും അകപ്പെട്ട് കിടന്നത് ഒരു മണിക്കൂറാണ്. ഫാമിലുണ്ടായിരുന്നവർ പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]