താരസംഘടനയായ അമ്മയിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങൾക്കിടെ, നടി അൻസിബ ഹസനെതിരെ കർശന നടപടികളുമായി സംഘടന നേതൃത്വം. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലൂടെ സംഘടനയുടെ അന്തസ്സിനെ ബാധിക്കുന്ന രീതിയിൽ പ്രവർത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മ അൻസിബയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.
നിശ്ചിത സമയത്തിനുള്ളിൽ തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ അൻസിബയെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്. 17 ആം തിയതിക്ക് മുൻപായി വിശദീകരണം സമർപ്പിക്കണമെന്ന് നോട്ടീസിൽ കർശനമായി നിർദ്ദേശിക്കുന്നു.
അൻസിബയുടെ പരസ്യ പ്രസ്താവനകൾ സംഘടനയ്ക്ക് വലിയ കളങ്കമുണ്ടാക്കിയെന്നും, ആഭ്യന്തര വിഷയങ്ങൾ ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കാൻ സാധിക്കുമായിരുന്നു എന്നും നേതൃത്വം വ്യക്തമാക്കുന്നു. സംഘർഷത്തിന്റെ പശ്ചാത്തലം
കഴിഞ്ഞ ഫെബ്രുവരി 14-ന് നടന്ന അമ്മ കുടുംബ സംഗമത്തിന്റെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ടാണ് തർക്കങ്ങളുടെ തുടക്കം.
വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമായിരുന്നു പരിപാടിയുടെ സ്പോൺസർ. ഈ ക്ഷേത്രത്തിന്റെ പ്രസിഡന്റായ ടി ജി നന്ദകുമാർ (ദല്ലാൾ നന്ദകുമാർ) സ്പോൺസർഷിപ്പിന് നേതൃത്വം നൽകിയതിനെ അൻസിബ ഹസൻ ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ശക്തമായി എതിർത്തിരുന്നു.
ഒരു മതപരമായ സ്ഥാപനം സംഘടനയുടെ പരിപാടിക്ക് സ്പോൺസർ ആകുന്നതിലെ വിയോജിപ്പാണ് തർക്കങ്ങൾക്ക് വഴിതുറന്നത്. ഈ സംഭവങ്ങൾക്ക് പിന്നാലെ അൻസിബ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.
വ്യക്തിപരമായ കാരണങ്ങളും തിരക്കുകളുമാണ് രാജിക്കടിസ്ഥാനമെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ അന്ന് വിശദീകരിച്ചിരുന്നുവെങ്കിലും, പിന്നീട് അൻസിബ തന്നെ യഥാർത്ഥ കാരണം വെളിപ്പെടുത്തുകയായിരുന്നു. ടിനി ടോം തന്നെ മതവാദി എന്ന് ആക്ഷേപിച്ചതാണ് രാജിക്ക് കാരണമെന്ന് അൻസിബ ആരോപിക്കുകയുണ്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

