ഗോവയിൽ ഇരുപത്തിരണ്ടുകാരനായ കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഗോവ ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, നോർത്ത് ഗോവ സൂപ്രണ്ട് ഓഫ് പോലീസ്, ബന്ധപ്പെട്ട
പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എന്നിവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു. ജൂൺ 17-ന് നേരിട്ട് ഹാജരായി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
റോഡരികിൽ മാലിന്യം തള്ളി എന്നാരോപിച്ച് ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ ജൂൺ 4-നാണ് യുവാവിനെ നോർത്ത് ഗോവയിലെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുകയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തുവെന്ന സബ് ഇൻസ്പെക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഏകദേശം ഏഴ് മണിക്കൂറോളം സ്റ്റേഷനിൽ ചിലവഴിച്ച ശേഷമാണ് യുവാവ് അന്ന് രാത്രി വീട്ടിലെത്തിയത്.
ദൃശ്യങ്ങൾ വൈറലായതിനെത്തുടർന്ന് ഫോണിലേക്ക് വന്ന അധിക്ഷേപകരമായ സന്ദേശങ്ങൾ യുവാവിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയെന്ന് കുടുംബം വ്യക്തമാക്കി. തുടർന്ന് അർധരാത്രിയോടെ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.
എയർഗൺ ഉപയോഗിച്ച് തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. ഇതിനുപുറമേ, യുവാവിന്റെ കണ്ണിൽ ഗുരുതരമായ പരിക്കേറ്റതായും, അത് മരണത്തിന് 24 മണിക്കൂർ മുൻപ് ഉണ്ടായതാണെന്നും റിപ്പോർട്ടിലുണ്ട്.
കസ്റ്റഡിയിൽ വെച്ചിരുന്ന സമയത്ത് യുവാവിന് ക്രൂരമായ മർദ്ദനം നേരിടേണ്ടി വന്നിട്ടുണ്ടാകാമെന്ന് പ്രാദേശിക റിപ്പോർട്ടുകളെ ഉദ്ധരിച്ച് കമ്മീഷൻ നിരീക്ഷിച്ചു. പ്രതികളോട് പെരുമാറുമ്പോൾ പാലിക്കേണ്ട
മാനുഷിക മൂല്യങ്ങൾ ലംഘിക്കപ്പെട്ടുവെന്നും, ഇത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷൻ വിലയിരുത്തി. വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച വ്യക്തിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും, പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ജൂൺ 6-ന് കുടുംബം നോർത്ത് ഗോവ എസ്പിക്ക് പരാതി നൽകിയിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്താൻ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തുകയും സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക.
ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

