കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ 787 പേരെ നിയമിച്ചെന്ന മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. യാതൊരുവിധ അടിസ്ഥാനവുമില്ലാത്ത വിവരങ്ങൾ പ്രചരിപ്പിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ സർക്കാരിന്റെ ഭരണകാലയളവിൽ അത്രയധികം പേരെ നിയമിച്ചിട്ടുണ്ടെങ്കിൽ, ആ പട്ടിക പരസ്യപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പിണറായി വിജയൻ വെല്ലുവിളിച്ചു. അന്നത്തെ മന്ത്രിസഭയിൽ മുഖ്യമന്ത്രിക്ക് 32 പേരും മറ്റ് മന്ത്രിമാർക്ക് 25-ൽ താഴെ ആളുകളുമാണ് പേഴ്സണൽ സ്റ്റാഫായി ഉണ്ടായിരുന്നത്.
അഞ്ച് വർഷത്തെ ഭരണത്തിനിടയിൽ എം വി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവരുൾപ്പെടെ നാല് മന്ത്രിമാർ മാറുകയയും പുതിയവർ ചുമതലയേൽക്കുകയും ചെയ്തിരുന്നു. ഇതിനുപുറമെ സജി ചെറിയാൻ മന്ത്രിസ്ഥാനം ഒഴിഞ്ഞ് പിന്നീട് വീണ്ടും മന്ത്രിയായി തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.
എന്നിരുന്നാലും, ഈ മാറ്റങ്ങളൊന്നും തന്നെ സ്റ്റാഫുകളുടെ ആകെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻ സർക്കാരിന്റെ കാലത്ത് ആകെ സ്റ്റാഫുകളുടെ എണ്ണം 500-ൽ താഴെ മാത്രമായിരുന്നു.
ഈ കണക്കുകളെല്ലാം വ്യക്തമാക്കുന്ന ഔദ്യോഗിക സർക്കാർ രേഖകൾ നിലവിലുണ്ട്. വസ്തുതകൾ ഇതായിരിക്കെ, മുഖ്യമന്ത്രിക്ക് ഈ 787 എന്ന കണക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

