
എറണാകുളം: എറണാകുളം ജില്ലയിലെ പിറവത്ത് പശുവിനെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടർന്ന് അയൽവാസിയുടെ പശുവിനെ വെട്ടിക്കൊന്നു. 5 പശുക്കളെ വെട്ടിപ്പരിക്കേൽപിച്ചു. ക്രൂരകൃത്യം ചെയ്ത എടക്കാട്ടുവയൽ സ്വദേശി പി രാജുവിനെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
അയൽവാസി പശുക്കളെ വളർത്തുന്നത് കൊണ്ട് തന്റെ ജലസ്രോതസ്സിൽ പ്രശ്നങ്ങളുണ്ടാകുന്നുവെന്നും കിണറ്റിലെ വെള്ളം മലിനമാകുന്നുവെന്നും കാണിച്ച് രാജു മുളന്തുരുത്തി പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. പിന്നീട് ജില്ലാ കളക്ടർക്കും പരാതി നൽകി. എന്നാൽ പഞ്ചായത്ത് വന്ന് പരിശോധന നടത്തിയപ്പോൾ നിയമപരമായ എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉടമസ്ഥൻ പശുവിനെ വളർത്തുന്നതെന്ന് കണ്ടെത്തി റിപ്പോർട്ട് നൽകി.
തുടർന്ന് പ്രശ്നങ്ങൾ അവസാനിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ സംഭവവുമായി ബന്ധപ്പെട്ട് വീണ്ടും തർക്കമുണ്ടായി. ഇരുവരും തമ്മിൽ കയ്യാങ്കളിയായി. തുടര്‍ന്ന് രാജു വെട്ടുകത്തിയുമായി എത്തി പശുക്കളെ വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ ഒരു പശു ചത്തു. പശുവിന്റെ ഉടമസ്ഥർ കൂടുതൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]