മൂവാറ്റുപുഴയിൽ ദാരുണമായ അപകടം. വിൽപനയ്ക്കായി ചപ്പാത്തി നിർമ്മിക്കുന്നതിനിടയിൽ മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരി മരണപ്പെട്ടു.
വാഴക്കുളം സ്റ്റാർ ചപ്പാത്തി കട ഉടമയായ പള്ളിക്കുന്നേൽ റെജിമോൾ ജസ്റ്റിൻ (52) ആണ് അപ്രതീക്ഷിത ദുരന്തത്തിൽ ജീവൻ വെടിഞ്ഞത്.
യന്ത്രത്തിൽ നിന്നും അസ്വാഭാവികമായ ശബ്ദവും കരിയുന്ന മണവും അനുഭവപ്പെട്ടതിനെ തുടർന്ന്, തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന മകൻ സ്ഥാപനത്തിലേക്ക് എത്തിയപ്പോഴാണ് റെജിമോളുടെ കൈ യന്ത്രത്തിനുള്ളിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവ് ജസ്റ്റിന്റെ മരണത്തെ തുടർന്ന് തന്റെ മക്കളെ വളർത്തുന്നതിനാണ് റെജിമോൾ ഈ സ്ഥാപനം ആരംഭിച്ചത്. ഭർത്താവിന്റെ വേർപാടുണ്ടാക്കിയ വലിയ പ്രതിസന്ധികളെയും ദുരിതങ്ങളെയും സ്വപ്രയത്നം കൊണ്ട് അതിജീവിച്ച് ജീവിതം തിരികെ പിടിക്കാൻ പരിശ്രമിക്കുന്നതിനിടയിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്.
റെജിമോളുടെ സംസ്കാരം നാളെ രാവിലെ 10.30-ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും. ജാസ്മിൻ, ജ്യോതി ദർശന, ജസ്റ്റോ എന്നിവരാണ് മക്കൾ.

