
ഇൻഡോറിലെയും ഭോപ്പാലിലെയും പൊലീസുകാർ ഞയറാഴ്ച രാത്രി ഒരു ഹൈ പ്രൊഫൈൽ കേസിന്റെ പിന്നാലെയായിരുന്നു. നഗരത്തിലെ പ്രമുഖനായ ബിസിനസുകാരന്റെ മകളെ കാണാനില്ല. പരാതി കിട്ടിയതോടെ വലിയ തരത്തിലുള്ള തിരച്ചിലാണ് പൊലീസുകാരുടെ ഭാഗത്ത് നിന്നുമുണ്ടായത്. എന്നാൽ, സംഭവത്തിലുണ്ടായത് വലിയൊരു ട്വിസ്റ്റാണ്.
നവഭാരത് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ 16 വയസ്സുകാരിയെയാണ് കാണാതായത്. ജഞ്ജിറവാലയിലെ കോച്ചിംഗ് സെൻ്റർ വിട്ട് അരമണിക്കൂറിനുള്ളിൽ വീട്ടിലെത്തുമെന്ന് അമ്മയെ അറിയിച്ചതാണ് പെൺകുട്ടി. എന്നാൽ, ഒരു മണിക്കൂർ കഴിഞ്ഞിട്ടും അവൾ എത്താത്തതിനെ തുടർന്ന് അവളുടെ വീട്ടുകാർ ഭയന്നു. അവളുടെ ഫോണും വിളിച്ചിട്ട് കിട്ടിയില്ല. അതോടെ അവളെ ആരോ തട്ടിക്കൊണ്ടുപോയതായിരിക്കാമെന്ന് തന്നെ വീട്ടുകാർക്ക് തോന്നി. ആശങ്കാകുലരായ വീട്ടുകാർ ഭയന്ന് MIG പൊലീസ് സ്റ്റേഷനിലേക്ക് ചെന്ന് വിവരമറിയിച്ചു.
ഹൈ പ്രൊഫൈൽ കേസായതിനാൽ തന്നെ ഒന്നിലധികം പൊലീസ് സംഘങ്ങളെ അന്വേഷണത്തിന് വിടുകയും ഭോപ്പാലിലുള്ള ഉന്നത ഉദ്യോഗസ്ഥർക്കുൾപ്പടെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. മധ്യപ്രദേശിലെ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) ഇൻഡോർ പൊലീസുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
പെൺകുട്ടിയുടെ ഫോണിന്റെ ലൊക്കേഷൻ അവളുടെ വീടിനടുത്ത് തന്നെയാണ് കാണിച്ചിരുന്നത്. രാത്രി 12.30 വരെ തിരച്ചിൽ തുടർന്നു. ആ സമയത്ത് ഒരു ബന്ധു പെൺകുട്ടിയുടെ വീട്ടിലെത്തി. ആ സമയത്ത് കാണാതായ കുട്ടി അകത്ത് ഉറങ്ങിക്കിടക്കുന്നത് കണ്ടത്.
കുട്ടിയെ എഴുന്നേൽപ്പിച്ച് കാര്യം തിരക്കിയപ്പോൾ പറഞ്ഞത്, ട്രാഫിക് ബ്ലോക്ക് കാരണമാണ് താൻ എത്താൻ വൈകിയത് എന്നാണ്. വീട്ടിലെത്തിയപ്പോൾ ആരെയും കണ്ടില്ല. അങ്ങനെ സ്പെയർ കീ ഉപയോഗിച്ച് കുട്ടി അകത്ത് കയറി. വീട്ടുകാർ വെളിയിൽ പോയതാകും എന്ന് കരുതിയ കുട്ടി കിടന്നുറങ്ങുകയും ചെയ്തു. അതിനിടയിൽ ബാറ്ററി തീർന്ന് ഫോണും ഓഫായി.
എന്തായാലും, കാണാതായ കുട്ടി വീടിനകത്ത് ഉറങ്ങിക്കിടക്കുന്നത് കണ്ടതോടെ വീട്ടുകാർക്കും പൊലീസിനും ആശ്വാസമായി.
Last Updated Jul 9, 2024, 4:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]