
പ്രതികളിലൊരാളുമായി അടുപ്പം, വിവാഹശേഷം നാലാം ദിവസം വീട്ടിലേക്ക് പോയി; മേഘാലയ ട്രിപ്പ് ‘പ്ലാൻ’ ചെയ്തത് സോനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഷില്ലോങ്/ ലക്നൗ ∙ മധുവിധുവിനിടെ ഭർത്താവിനെ വാടകക്കൊലയാളികളെ ഉപയോഗിച്ച് യുവതി കൃത്യമായ ആസൂത്രണം നടത്തിയിരുന്നതായി പൊലീസ്. ഇൻഡോർ സ്വദേശിയായ രാജാ രഘുവൻശിയെ (29) ആണ് ഭാര്യ സോനം (24) കൊലപ്പെടുത്തിയത്. കൊലപാതകം നടത്താൻ സഹായിച്ചെന്ന് കരുതുന്ന രാജ് സിങ് കുഷ്വാഹയുമായി സോനം അടുപ്പത്തിലായിരുന്നു.
സോനത്തിന്റെ കുടുംബ ബിസിനസുകളുടെ അക്കൗണ്ടന്റായിരുന്നു രാജ്. ഇയാളുമായുള്ള വിവാഹബന്ധത്തെ എതിർത്ത കുടുംബം രാജാ രഘുവൻശിയുമായി വിവാഹം നടത്തി. വിവാഹത്തിന്റെ നാലാം ദിനം സോനം വീട്ടിലേക്ക് പോയി. ഈ ഘട്ടത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സോനം കഴിഞ്ഞ ദിവസം യുപി പൊലീസിൽ കീഴടങ്ങി. കൊലപാതകത്തിന് സഹായിച്ച രാജിനെയും നാല് കൂട്ടാളികളെയും പൊലീസ് അറസ്റ്റു ചെയ്തു. രാജാ രഘുവൻശിയുടെ സംസ്കാര ചടങ്ങുകളിൽ സോനത്തിന്റെ പിതാവിനൊപ്പം രാജ് സിങ് പങ്കെടുത്തതായി പൊലീസിനു വിവരം ലഭിച്ചു.
വിവാഹ ആഭരണങ്ങളെല്ലാം ധരിച്ചാണ് ദമ്പതികൾ ഹണിമൂണിനായി മേഘാലയയിലേക്ക് പോയത്. രാജാ രഘുവൻശി ധരിച്ച ഡയമണ്ട് മോതിരത്തിനും മാലയ്ക്കും 10 ലക്ഷം രൂപയിലധികം വിലയുണ്ട്. രാജിന്റെ അമ്മ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ സോനമാണ് ആഭണങ്ങൾ എല്ലാം ധരിക്കാന് നിർദേശിച്ചതെന്നായിരുന്നു മറുപടി. ആഭരണങ്ങൾ കൊലപാതകികൾ കൈക്കലാക്കിയതായി പൊലീസ് പറഞ്ഞു. മേഘാലയ ട്രിപ്പ് പ്ലാൻ ചെയ്തതും ടിക്കറ്റ് ബുക്ക് ചെയ്തതും സോനമായിരുന്നു. ഭർത്താവിനെ കൊന്നത് താനല്ലെന്നും ആഭരണത്തിനായി നാലംഗ സംഘം കൊലപ്പെടുത്തിയെന്നുമാണ് സോനം പറയുന്നത്. തനിക്ക് ലഹരി നൽകി മയക്കിയതായും സോനം പൊലീസിനോട് പറഞ്ഞു.
കൊലയാളികളിൽ 4 പേരെ വിവിധ സ്ഥലങ്ങളിൽനിന്നാണ് അറസ്റ്റ് ചെയ്തത്. 19നും 23നും ഇടയ്ക്കു പ്രായമുള്ള ഇവർ കുറ്റം സമ്മതിച്ചു. മേയ് 11 ന് വിവാഹിതരായ ദമ്പതികൾ ഹണിമൂണിനായി 20ന് ആണ് മേഘാലയയിൽ എത്തിയത്. പൂർവഖാസി ജില്ലയിലെത്തിയ ഇവരെ 23 മുതൽ കാണാതായി. ഇവർ വാടയ്ക്കെടുത്ത സ്കൂട്ടർ പിറ്റേന്നു വഴിയോരത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടതിനെത്തുടർന്നു നടത്തിയ തിരച്ചിലിൽ രഘുവൻശിയുടെ മൃതദേഹം 2ന് വെയ്സാവ്ഡോങ് വെള്ളച്ചാട്ടത്തിനു സമീപത്തെ മലയിടുക്കിൽ നിന്നു കണ്ടെടുത്തു. സ്വർണമാലയും മോതിരവും കാണാതായത് സംശയത്തിനിടയാക്കി. അടുത്ത ദിവസം സമീപത്തുനിന്ന് രക്തം പുരണ്ട വാക്കത്തിയും 2 ദിവസത്തിനുശേഷം മഴക്കോട്ടും ലഭിച്ചു. കാണാതായ ദിവസം രാവിലെ സോനത്തെ 3 പുരുഷന്മാരോടൊപ്പം കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് പൊലീസിനെ അറിയിച്ചതാണ് കേസിൽ വഴിത്തിരിവായത്.