
‘അപകടം വിളിച്ചുവരുത്തി, പീഡനത്തിൽ യുവതിയും ഉത്തരവാദി’; പ്രതിക്ക് ജാമ്യം അനുവദിച്ച് അലഹാബാദ് കോടതി
അലഹാബാദ്∙ വീണ്ടും വിവാദ പരാമർശവുമായി അലഹാബാദ് ഹൈക്കോടതി. ബലാത്സംഗക്കേസിലെ അതിജീവിത ‘അപകടം വിളിച്ചു വരുത്തുകയായിരുന്നു, സംഭവത്തിൽ അവർക്കും ഉത്തരവാദിത്വമുണ്ട്’ എന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് അലഹാബാദ് ഹൈക്കോടതി പീഡനക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു.
മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരട് അഴിക്കുന്നതും ബലാത്സംഗശ്രമമായി കാണാനാവില്ലെന്ന പരാമർശത്തിനു പിന്നാലെയാണ് പുതിയ വിധി. 2024 സെപ്റ്റംബറിൽ, ഡൽഹിയിൽ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്ന ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്.
സെപ്റ്റംബർ 21ന് യുവതിയും സുഹൃത്തുക്കളായ മൂന്നു പെൺകുട്ടികളും ഹൗസ് ഖാസിലെ റസ്റ്ററന്റ് സന്ദർശിച്ചിരുന്നു.
ഇവിടെ വച്ചാണ് പ്രതിയായ നിശ്ചൽ ചന്ദക്കിനെ യുവതി പരിചയപ്പെടുന്നത്. മദ്യപിച്ച ശേഷം നടക്കാനാവാത്ത അവസ്ഥയിലായ യുവതിയോട് പലതവണ തനിക്കൊപ്പം വരാൻ നിശ്ചൽ ആവശ്യപ്പെട്ടെന്നും ഒടുവിൽ വിശ്രമിക്കാനായി നിശ്ചലിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.
എന്നാൽ നോയിഡയിലെ വീട്ടിലേക്ക് പോകുന്നതിനു പകരം ഗുരുഗ്രാമിലെ ബന്ധുവിന്റെ ഫ്ലാറ്റിലെത്തിച്ച് യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഡിസംബർ 11നാണ് നിശ്ചലിനെ അറസ്റ്റു ചെയ്തത്.
അതേസമയം, യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നും നിശ്ചൽ അവകാശപ്പെട്ടു.
കേസിലെ അതിജീവിത ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണെന്നും ധാർമിക മൂല്യങ്ങളെപ്പറ്റിയും തന്റെ പെരുമാറ്റത്തിന്റെ അനന്തര ഫലത്തെപ്പറ്റിയും തിരിച്ചറിയാൻ പ്രാപ്തിയുള്ളയാളാണെന്നും നിശ്ചലിന് ജാമ്യം അനുവദിച്ചുള്ള വിധിന്യായത്തിൽ ജസ്റ്റിസ് സഞ്ജയ് കുമാർ സിങ് പറഞ്ഞു.
‘ അതിജീവിതയുടെ ആരോപണങ്ങൾ വാസ്തവമാണെന്ന് അംഗീകരിച്ചാലും, അവർ അപകടം ക്ഷണിച്ചുവരുത്തുകയായിരുന്നെന്നും പീഡനത്തിന് അവരും ഉത്തരവാദിയാണെന്നുമുള്ള നിഗമനത്തിൽ എത്തേണ്ടി വരും. മെഡിക്കൽ പരിശോധനയിൽ അതിജീവിതയുടെ കന്യാചർമം പൊട്ടിയതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ലൈംഗികാതിക്രമം നടന്നിട്ടുണ്ടോയെന്നതിനെ കുറിച്ച് ഡോക്ടർ ഒന്നും പറഞ്ഞിട്ടില്ല’– കോടതി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]