![](https://newskerala.net/wp-content/uploads/2025/02/1739179266_fotojet-5-_1200x630xt-1024x538.jpg)
മലയാളി സിനിമാപ്രേമികള്‍ ഏറെ ആഘോഷിച്ചിട്ടുള്ള കോമ്പിനേഷന്‍ ആണ് സത്യന് അന്തിക്കാട്- മോഹന്‍ലാല്‍. നമുക്ക് ഗൃഹാതുരത സൃഷ്ടിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ ഇവരുടേതായി പല കാലങ്ങളില്‍ പുറത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ആ നിരയിലെ ഏറ്റവും പുതിയ ചിത്രത്തിന് ഇന്ന് തുടക്കമായി. ഹൃദയപൂര്‍വ്വം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒട്ടേറെ കൗതുകങ്ങള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒന്നാണ്. മോഹന്‍ലാലും സത്യന് അന്തിക്കാടും ഒരുമിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഇത് എന്നതാണ് അതില്‍ പ്രധാനം. ഹൃദയപൂര്വ്വത്തെക്കുറിച്ചുള്ള മറ്റ് പ്രധാന കാര്യങ്ങളും അറിയാം.
സന്ദീപ് ബാലകൃഷ്ണൻ എന്നാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. ഈ പേരില്‍ ഇതിനുമുന്‍പ് ഒരു കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടില്ല. അഖില്‍ സത്യന്റേതാണ് ചിത്രത്തിന്റെ കഥ. ഒരു പുതിയ തിരക്കഥാകൃത്തിനെക്കൂടി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുകയാണ് സത്യന് അന്തിക്കാട് ഈ ചിത്രത്തിലൂടെ. ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷോർട്ട് ഫിലിമുകളിലൂടെ കടന്നുവന്ന ടി പി സോനുവിൻ്റെ നൈറ്റ് കോൾ എന്ന ടെലിഫിലിമാണ് സത്യൻ അന്തിക്കാടിനെ ആകർഷിച്ചത്. സംവിധാനത്തിലും തിരക്കഥാ രചനയിലും പരിശീലനം പൂർത്തിയാക്കിയ ആളാണ് ടി പി സോനു. അനൂപ് സത്യനാണ് പ്രധാന സംവിധാന സഹായി.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ആശിർവാദ് സിനിമാസും സത്യൻ അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമത്തെ ചിത്രവുമാണ് ഹൃദയപൂര്‍വ്വം. വളരെ പ്ലെസന്റ് ആയ ഒരു ചിത്രമായിരിക്കും ഇതെന്ന് സത്യന് അന്തിക്കാട് വ്യക്തമാക്കുന്നു. നർമ്മവും ഇമോഷനുമൊക്കെ ഇഴചേർന്ന കഥാഗതിയിൽ ഒരു പൊടി മുറിപ്പാടിൻ്റെ നൊമ്പരം കൂടി കടന്നു വരുന്നത് ചിത്രത്തെ പ്രേക്ഷകമനസ്സിൽ ചേർത്തു നിർത്താൻ ഏറെ സഹായകരമാകുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.
മുളന്തുരുത്തി എരിവേലിയിലുള്ള മനോഹരമായ ഒരു ബംഗ്ളാവിൽ തികച്ചും ലളിതമായ ചടങ്ങിൽ സത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രത്തിന് തുടക്കം കുറിച്ചത്. തുടർന്ന് സിദ്ദിഖ്, ബി ഉണ്ണികൃഷ്ണൻ, ടി പ. സോനു, അനു മൂത്തേടത്ത്, ആൻ്റണി പെരുമ്പാവൂർ, ശാന്തി ആൻ്റണി എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു. സിദ്ദിഖും സബിതാ ആനന്ദുമാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്.
മാളവിക മോഹനന് നായികയാവുന്ന ഈ ചിത്രത്തിൽ സംഗീത, ലാലു അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. മനു മഞ്ജിത്തിൻ്റെ വരികള്‍ക്ക് ജസ്റ്റിൻ പ്രഭാകരന് ഈണം പകർന്നിരിക്കുന്നു. അനു മൂത്തേടത്താണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് കെ രാജഗോപാൽ, കലാസംവിധാനം പ്രശാന്ത് മാധവ്, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സഹസംവിധാനം ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്. കൊച്ചി, വണ്ടിപ്പെരിയാർ, പൂനെ എന്നിവിടങ്ങളിലായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ അമൽ സി സദർ.
ALSO READ : നായകന് ശ്രീനാഥ് ഭാസി; ‘പൊങ്കാല’ ഫൈനല്‍ ഷെഡ്യൂളിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]