തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ എ ജയതിലകിനെ അവഹേളിച്ച കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിന്റെ സസ്പെൻഷൻ സർക്കാർ നീട്ടി. 120 ദിവസത്തേക്ക് സസ്പെൻഷൻ നീട്ടിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതോടൊപ്പം മതം അടിസ്ഥാനമാക്കി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണം നേരിട്ട വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. ഗോപാലകൃഷ്ണന്റെ വിശദീകരണം അച്ചടക്ക പുനഃപരിശോധന സമിതി അംഗീകരിച്ചതോടെയാണ് സസ്പെൻഷൻ പിൻവലിച്ചത്. കെ ഗേപാലകൃഷ്ണന് പുതിയ ചുമതല ഉടൻ നൽകും.
ഭരണ സംവിധാനത്തിന്റെ പ്രതിച്ഛായ മോശമാക്കി, മേൽ ഉദ്യോഗസ്ഥർക്കെതിരെ അധിക്ഷേപപരമായ പരാമർശങ്ങൾ നടത്തി തുടങ്ങിയവയാണ് എൻ പ്രശാന്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ. കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് ഇതുവരെ മറുപടി നൽകിയിട്ടില്ല. ജയതിലകിനെതിരെ തുടർച്ചയായ വിമർശനങ്ങൾ ഉന്നയിക്കുകയും സസ്പെൻഷന് ശേഷവും മാദ്ധ്യമങ്ങളിൽ അഭിമുഖം നൽകുകയും വഴി സർവീസ് ചട്ടം ലംഘിച്ചു. ഭരണ സംവിധാനത്തിലെ ഐക്യം തകർക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു. ഐഎഎസിനോട് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ ഒരിക്കലും ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനിൽ നിന്നുണ്ടാകാൻ പാടില്ലാത്തതാണ് പ്രശാന്തിൽ നിന്നുണ്ടായതെന്നും തുടങ്ങിയവ മെമ്മോയിലുണ്ട്.
30 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നായിരുന്നു അറിയിച്ചത്. പ്രശാന്തിനെ നവംബർ 11നാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ‘ഉന്നതി’ സിഇഒ ആയിരിക്കെ താൻ ഫയൽ മുക്കിയെന്ന ആരോപണത്തിനു പിന്നിൽ എ ജയതിലകാണെന്നാരോപിച്ച് പ്രശാന്ത് സോഷ്യൽ മീഡിയയിൽ നടത്തിയ രൂക്ഷ വിമർശനമാണ് സസ്പെൻഷൻ വിളിച്ചുവരുത്തിയത്. ഫയൽ മുക്കിയെന്ന ആരോപണം വ്യാജമെന്നായിരുന്നു പ്രശാന്തിന്റെ മറുപടി. ഇത് ശരിയാണെന്ന മട്ടിൽ കൂടുതൽ തെളിവുകളും പിന്നീട് പുറത്തുവന്നിരുന്നു. കൂടുതൽ പ്രകോപിതനായി പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് വക്കീൽനോട്ടീസും പിന്നാലെ ഏഴ് ചോദ്യങ്ങൾ ഉന്നയിച്ച് കത്തും നൽകിയത് വിവാദമായിരുന്നു.
കെ ഗോപാലകൃഷ്ണനെതിരായ നടപടി അവസാനിപ്പിക്കാൻ ചീഫ് സെക്രട്ടറി അദ്ധ്യക്ഷയായ റിവ്യു കമ്മിറ്റി ശുപാർശ ചെയ്യുകയായിരുന്നു. ഒക്ടോബർ 31ന് ഗോപാലകൃഷ്ണൻ അഡ്മിൻ ആയി ആദ്യം ‘മല്ലു ഹിന്ദു ഓഫീസേഴ്സ്’ ഗ്രൂപ്പും പിന്നീട് മുസ്ലിം ഗ്രൂപ്പും രൂപീകരിച്ചതു പുറത്തുവന്നതിനെ തുടർന്നുള്ള അന്വേഷണമാണ് സസ്പെൻഷനിൽ കലാശിച്ചത്. ഐഎഎസുകാർക്കിടയിലെ ഐക്യം തകർക്കാനും ഭിന്നിപ്പുണ്ടാക്കാനും ഗോപാലകൃഷ്ണൻ ശ്രമിച്ചെന്നു ചീഫ് സെക്രട്ടറി സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തന്റെ ഫോൺ ഹാക്ക് ചെയ്തതാണെന്ന ഗോപാലകൃഷ്ണന്റെ വാദത്തിനു തെളിവില്ലെന്നു പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ, ഗോപാലകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങൾ ഒഴിവാക്കിയാണു ചാർജ് മെമ്മോ നൽകിയിരുന്നത്. കേസെടുക്കാനാവില്ലെന്നു പൊലീസ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വിദ്വേഷ പരാമർശങ്ങളടങ്ങിയ സന്ദേശങ്ങൾ ഗ്രൂപ്പിൽ ഇല്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നാണു പ്രാഥമികന്വേഷണം നടത്തിയ നർകോട്ടിക്സ് സെൽ അസിസ്റ്റന്റ് കമ്മിഷണർ അജിത്ചന്ദ്രൻ നായരുടെ റപ്പോർട്ടിൽ പറഞ്ഞിരുന്നത്. സ്വന്തം ഫോൺ റീസെറ്റ് ചെയ്തു വിവരങ്ങളെല്ലാം ഗോപാലകൃഷ്ണൻ നീക്കിയതിനാൽ ഗ്രൂപ്പുണ്ടാക്കിയത് അദ്ദേഹം തന്നെയാണെന്നു തെളിയിക്കാനാകാത്തതും വെല്ലുവിളിയായി.