വാഷിംഗ്ടൺ: യു.എസിലെ ലോസ് ആഞ്ചലസിൽ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 5 ആയി. നിരവധി പേർക്ക് പരിക്കേറ്റു. ഹോളിവുഡ് താരങ്ങൾ അടക്കം 1,37,000 പേരെ ഒഴിപ്പിച്ചു. പാലിസേഡ്സ്, ആൾട്ടഡീന, പാസഡീന, സിൽമർ എന്നീ മേഖലകൾക്ക് പിന്നാലെ ഹോളിവുഡ് ഹിൽസിലേക്കും കാട്ടുതീ വ്യാപിച്ചത് ആശങ്കയായി.മൂന്നിടങ്ങളിൽ തീ നിയന്ത്രണാതീതമാണ്. ഏകദേശം 30,000 ഏക്കർ പ്രദേശം ചൊവ്വാഴ്ച മുതൽ കാട്ടുതീയിൽ അമരുകയാണ്. രണ്ടായിരത്തിലേറെ കെട്ടിടങ്ങൾ ചാമ്പലായി. പസഫിക് പാലിസേഡ്സിലാണ് കൂടുതൽ നാശനഷ്ടം. അഗ്നിരക്ഷാ യൂണിറ്റുകൾ ജലക്ഷാമം നേരിടുന്നെന്നും റിപ്പോർട്ടുണ്ട്.
മൗണ്ട് ലീയിലെ പ്രശസ്തമായ ഹോളിവുഡ് ചിഹ്നത്തിന്റെ നിലനിൽപ്പും ഭീഷണിയിലാണ്. ഹോളിവുഡിലെ സൺസെറ്റ് ബുലവാർഡിലെ ഒട്ടുമിക്ക കെട്ടിടങ്ങളും പാലിസേഡ്സിൽ 100 വർഷം പഴക്കമുള്ള സ്റ്റാർബക്ക്സ് കെട്ടിടവും കത്തിനശിച്ചു. 3,00,000 വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു.
അതേ സമയം, നിലവിലെ കാട്ടുതീയ്ക്ക് പിന്നിൽ മാനുഷിക ഇടപെടലുണ്ടോ എന്ന് വ്യക്തമല്ല. ശക്തമായ കാറ്റിലേക്കും വരണ്ട കാലാവസ്ഥയിലേക്കുമാണ് അധികൃതർ വിരൽ ചൂണ്ടുന്നത്. കാട്ടുതീയുടെ പശ്ചാത്തലത്തിൽ ഇറ്റലിയിലേക്കുള്ള സന്ദർശനം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ റദ്ദാക്കി.
കത്തിയമർന്ന് സെലിബ്രിറ്റി വീടുകൾ
ആന്റണി ഹോപ്കിൻസ്, പാരീസ് ഹിൽട്ടൺ, ജോൺ ഗുഡ്മാൻ, അന്ന ഫാരിസ്, കാരി എൽവ്സ്, റിക്കി ലേക്ക്, ബില്ലി ക്രിസ്റ്റൽ, ആഡം ബ്രോഡി, ജെയിംസ് വുഡ്, മിൽസ് ടെല്ലർ തുടങ്ങിയ ഹോളിവുഡ് സെലിബ്രിറ്റികളുടെ കോടികൾ വിലമതിക്കുന്ന വീടുകൾ കത്തി
12ന് നടക്കേണ്ടിയിരുന്ന ഓസ്കാർ നോമിനേഷൻ പ്രഖ്യാപനം 14ലേക്ക് മാറ്റി
സിനിമ പ്രദർശനങ്ങൾ നിറുത്തി. 31-ാമത് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് നോമിനേഷൻ ചടങ്ങ് റദ്ദാക്കി. പകരം, നോമിനേഷനുകൾ വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ചു
ഹാക്ക്സ്, ഗ്രേയ്സ് അനാട്ടമി തുടങ്ങിയ ടെലിവിഷൻ സീരീസുകളുടെയും ഷോകളുടെയും ചിത്രീകരണം നിറുത്തിവച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]