സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്ന വർഗീയവൽക്കരണവും വാണിജ്യവൽക്കരണവും നടപ്പാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ തോതിൽ കച്ചവടത്തിനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
സ്വകാര്യമേഖലയിൽ സർക്കാരിന്റെ അനുമതിയില്ലാതെ നിർലോഭം കോഴ്സുകൾ ആരംഭിക്കാൻ അനുവാദം നൽകുന്നതാണ് ഈ പുതിയ ഉത്തരവെന്നും, ഇത് ഭാവിയിൽ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് താങ്ങാനാവാത്ത ഉയർന്ന ഫീസ് അടിച്ചേൽപ്പിക്കുന്നതിന് ഇടയാക്കുമെന്നും ആർ.ബിന്ദു വിശദമാക്കി. ബിജെപി-ആർഎസ്എസ് നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ നയമാണ് കേരളത്തിലും നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
സർക്കാരിന്റെ ഇപ്പോഴത്തെ ഈ നീക്കം തികച്ചും അപലപനീയമാണെന്നും, സ്വാശ്രയ വിദ്യാഭ്യാസ ലോബി ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ചിട്ടുണ്ടെന്നും മുൻ മന്ത്രി ആരോപിച്ചു. പുതിയ ഉത്തരവ് സർക്കാരിന്റെ ഔദ്യോഗിക നിലപാടുകൾക്ക് തികച്ചും വിരുദ്ധമാണെന്നും, നയങ്ങളിൽ വ്യതിയാനം ഉണ്ടാകുന്നത് ഒട്ടും ഭൂഷണമല്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, എയ്ഡഡ് – സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്നതിനും സീറ്റുകൾ വർദ്ധിപ്പിക്കുന്നതിനും സർക്കാരിന്റെ മുൻകൂർ അനുമതി ഒഴിവാക്കിയ നടപടി ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ടാണെന്നായിരുന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വ്യക്തമാക്കിയത്. 2014 ലും 2021 ലും നിയമസഭ പാസാക്കിയ യൂണിവേഴ്സിറ്റി ആക്ടുകളിലെ എൻ ഒ സി സംബന്ധിച്ച വ്യവസ്ഥകളിൽ ഭേദഗതി വരുത്താനാണ് സർക്കാർ തീരുമാനമെന്നും റോജി എം ജോൺ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

