തിരുവനന്തപുരം പാങ്ങപ്പാറ അഭിറാം കൊലക്കേസുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി ഉമർ മുഫ്താറിനെ സംഭവസ്ഥലത്ത് എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് പൂർത്തിയാക്കി. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നടപടികൾ ഏകോപിപ്പിച്ചത്.
ആദ്യം ഉമറിന്റെ വസതിയിലെത്തിച്ച് പരിശോധന നടത്തിയ ശേഷമാണ് കൊലപാതകം അരങ്ങേറിയ ആളൊഴിഞ്ഞ വയലിലേക്ക് പ്രതിയെ കൊണ്ടുപോയത്. എന്നാൽ മാധ്യമപ്രവർത്തകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ ഉമർ തനിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും, കൊല്ലപ്പെട്ട
അഭിറാമിനെ തനിക്ക് പരിചയമില്ലെന്നും അവകാശപ്പെട്ടു. പ്രതിയെ നാളെയും വീണ്ടും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് തുടരാനാണ് പൊലീസിന്റെ തീരുമാനം.
സുഹൃത്തിനെ കാണാൻ പോകുന്നു എന്ന് പറഞ്ഞ് 2026 നവംബർ 1-ന് വീടണിറങ്ങിയ അഭിറാമിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നവംബർ 2-ന് പാങ്ങപ്പാറയിലെ വിജനമായ തോട്ടത്തിൽ ചാക്കിൽ കെട്ടി വാഴയിലകൾ കൊണ്ട് മൂടിയ നിലയിൽ അഭിറാമിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. യഥാർത്ഥത്തിൽ പ്രതികൾ ലക്ഷ്യമിട്ടിരുന്നത് അഭിറാമിനെ ആയിരുന്നില്ലെന്നും, മറിച്ച് അഭിറാമിന്റെ മറ്റൊരു സുഹൃത്തിനെയായിരുന്നുവെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരന്റെ മുൻ കാമുകിയുമായി അഭിറാമിന്റെ സുഹൃത്ത് അടുപ്പം സ്ഥാപിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കൂടാതെ, ഈ പെൺകുട്ടിയുടെ ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതുമായി ബന്ധപ്പെട്ട
തർക്കങ്ങളും കൊലപാതകത്തിലേക്ക് നയിച്ചതായി സുഹൃത്തുക്കൾ മൊഴി നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

