വർഷങ്ങളായി ഒപ്പം ജോലി ചെയ്യുന്ന വീട്ടുജോലിക്കാരിയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുണയായി മാറി മാതൃകയാവുകയാണ് ഹോങ്കോങ്ങിൽ താമസിക്കുന്ന അബീർ തബാഖി എന്ന യുവതി. തന്റെ വീട്ടിലെ ജോലിക്കാരിയായ മറിയയ്ക്ക് വേണ്ടി ‘GoFundMe’ പ്ലാറ്റ്ഫോം വഴി ആരംഭിച്ച ഓൺലൈൻ ഫണ്ട് ശേഖരണത്തിലൂടെ ലക്ഷക്കണക്കിന് രൂപയാണ് ചുരുങ്ങിയ സമയംകൊണ്ട് സമാഹരിച്ചത്.
ലോകമെമ്പാടുമുള്ള ആളുകളുടെ പിന്തുണയോടെ 47 ലക്ഷത്തിലധികം രൂപയാണ് ഇതിനകം സമാഹരിക്കാൻ കഴിഞ്ഞത്. ഇൻസ്റ്റാഗ്രാമിൽ ഇരുപതിനായിരത്തിലധികം ഫോളോവേഴ്സുള്ള മറിയ, തന്റെ പാചക വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയ വ്യക്തിയാണ്.
എന്നാൽ കാമറയ്ക്ക് മുന്നിലെ ആ ചിരിക്കുന്ന മുഖത്തിന് പിന്നിൽ കടുത്ത പീഡനങ്ങളും അവഗണനകളും നിറഞ്ഞ ദുരിതപൂർണ്ണമായ ഒരു ജീവിതക്കഥയുണ്ടെന്ന് അബീർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഗോ ഫണ്ട് മി പേജിൽ അബീർ പങ്കുവെച്ച കുറിപ്പിലെ വരികൾ ഇങ്ങനെ: “വർഷങ്ങളായി താൻ അധ്വാനിച്ചുണ്ടാക്കിയ പണമെല്ലാം മറ്റുള്ളവർക്കായി നൽകുകയും, നിരന്തരം ചൂഷണം ചെയ്യപ്പെടുകയും ചെയ്ത വ്യക്തിയാണ് മറിയ.
അഞ്ചാം വയസ്സിൽ അവരെ ദത്തെടുത്ത കുടുംബം വർഷങ്ങളോളം അവരെക്കൊണ്ട് വീട്ടുജോലികൾ ചെയ്യിപ്പിക്കുകയും സാമ്പത്തികമായി ചൂഷണം ചെയ്യുകയുമായിരുന്നു. അവർ അധ്വാനിക്കുന്ന പണം മുഴുവൻ കുടുംബം കൈക്കലാക്കി.
തെറ്റുകൾ പറ്റുമ്പോൾ തിരുത്തുന്നതിന് പകരം ക്രൂരമായ ശിക്ഷകളാണ് അവർക്ക് ലഭിച്ചത്. രൂപത്തെയും ശരീരനിറത്തെയും ചൊല്ലി നിരന്തരം പരിഹസിക്കുകയും മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തു.
ഒടുവിൽ, ആ കുടുംബവുമായുള്ള ബന്ധം ഉപേക്ഷിച്ച് രക്ഷപ്പെട്ട മറിയക്ക് ഇന്ന് സ്വന്തമെന്ന് പറയാൻ ഒരു വീടുപോലുമില്ല.
നിലവിൽ ഹോങ്കോങ്ങിൽ എന്റെ കുടുംബത്തോടൊപ്പമാണ് മേരി താമസിക്കുന്നത്. ഇതല്ലാതെ അവർക്ക് പോകാൻ മറ്റൊരിടമില്ല.
അതിനിടയിൽ വലിയ ചികിത്സാച്ചെലവുകളും അവർ കണ്ടെത്തേണ്ടതുണ്ട്. പ്രശാന്തമായി വിശ്രമിക്കാനും സ്വന്തമായി ഒരു ജീവിതം കെട്ടിപ്പടുക്കാനും സാധിക്കുന്ന ലളിതമായ ഒരു വീടാണ് മേരിയുടെ സ്വപ്നം.” സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായ ഈ കാമ്പെയ്നിലൂടെ പ്രതീക്ഷിച്ചതിലും എത്രയോ അധികം തുക സമാഹരിക്കാൻ സാധിച്ചു.
ജോലിക്കാരെ വെറുമൊരു തൊഴിലാളിയായി കാണാതെ കുടുംബത്തിലെ അംഗത്തെപ്പോലെ ചേർത്തുപിടിച്ച അബീർ തബാഖിയുടെ മാനവസ്നേഹത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

