മാട്രിമോണി വെബ്സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ നിർമ്മിച്ച് സ്ത്രീകളെ കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിവന്ന പ്രതി പിടിയിൽ. പാലക്കാട് ഒറ്റപ്പാലം വീരമംഗലം സ്വദേശി കൂരിക്കാട്ടിൽ വീട്ടിൽ അൻസാർ (40) ആണ് പത്തനംതിട്ട
സൈബർ ക്രൈം പോലീസ് സ്റ്റേഷന്റെ പിടിയിലായത്. പത്തനംതിട്ട
സ്വദേശിയായ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി ആനന്ദ് ആർ ഐപിഎസിന്റെ കർശന മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയുമായിരുന്നു. സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകളിൽ നിന്നും സുമുഖരായ യുവാക്കളുടെ ചിത്രങ്ങൾ മോഷ്ടിച്ച് വ്യാജ അക്കൗണ്ടുകൾ നിർമ്മിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്.
തുടർന്ന്, മാട്രിമോണി സൈറ്റുകൾ വഴി വിവാഹാലോചനകൾ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വഞ്ചിച്ച് പണം തട്ടുന്നതായിരുന്നു പ്രതിയുടെ സ്ഥിരം രീതിയെന്ന് പോലീസ് വ്യക്തമാക്കി. പ്രതി ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറുകളും വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പത്തനംതിട്ട
സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് പി യുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. മലപ്പുറം, മഞ്ചേരി പോലീസ് സ്റ്റേഷനുകളിലും സമാനമായ കുറ്റകൃത്യങ്ങളിൽ ഇയാൾക്കെതിരെ കേസുകളുള്ളതായി പോലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പത്തനംതിട്ട
സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ ശ്രീജിത്ത് പി, എസ്ഐ നിഥിൻ ആർ, എഎസ്ഐ സുരേഷ് വിസി, സിപിഒ അരുൺ ആർ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ നിയമത്തിന് മുന്നിലെത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

