
തിരുവനന്തപുരം: കേരള പൊതുമരാമത്ത് വകുപ്പിന്റെ വെബ് അധിഷ്ഠിത റോഡ് മാനേജ്മെന്റ് സംവിധാനത്തിനായി തയ്യാറാക്കിയ ഐറോഡ്സ് സോഫ്റ്റ് വെയറിന് ഇന്റർനാഷണൽ റോഡ് ഫെഡറേഷന്റെ 2025ലെ ഗ്ലോബൽ റോഡ് അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ഉതകും വിധത്തിൽ കേരളത്തിലെ റോഡുകൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം.
ആഗോള തലത്തിൽ റോഡുകളും ഗതാഗത രംഗവുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികൾ അംഗങ്ങളായ സ്വതന്ത്ര ലാഭേതര സംഘടനയാണ് ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ. ലോകബാങ്ക് സഹായത്തോടെയുള്ള കെഎസ്ടിപി രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് പൊതുമരാമത്ത് വകുപ്പ് വെബ് അധിഷ്ഠിത റോഡ് മെയിന്റനൻസ് മാനേജ്മെന്റ് സിസ്റ്റം (ആർഎംഎംഎസ്) കൊണ്ടുവന്നത്.
ഓരോ മേഖലയിലേയും റോഡുകളെ കാലാവസ്ഥാവ്യതിയാനം എങ്ങനെയൊക്കെ ബാധിക്കുന്നുവെന്ന് പഠിച്ച് അതതിടങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള റോഡ് നിർമാണവും പരിപാലനവും രൂപപ്പെടുത്തിയെടുക്കുന്നതിനാണ് ഈ സോഫ്റ്റ് വെയർ ഉപയോഗിക്കുന്നത്. റോഡ് അറ്റകുറ്റപ്പണികളിൽ കാലാവസ്ഥാ വിവരങ്ങളുടെ കൃത്യമായ സംയോജനം ഇല്ലാതിരുന്നതും റോഡിന്റെ പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്താൻ ഉപയോക്താക്കൾക്ക് സംവിധാനമില്ലാതിരുന്നതുമെല്ലാം ചെലവുകൾ വർദ്ധിക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമായിരുന്നു.
ഇത് പരിഹരിക്കുന്നതിനായാണ് സംയോജിത വെബ് അധിഷ്ഠിത ഇടമായ ഐറോഡ്സ് വികസിപ്പിച്ചത്. പിഡബ്ള്യുഡി ഫോർ യു മൊബൈൽ ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇതിന്റെ ഭാഗമാണ്.
സോഫ്റ്റ് വെയർ വികസിപ്പിച്ച ടിആർഎൽ കമ്പനിയുടെ പ്രതിനിധികൾ ഗ്രീസിലെ ഏഥൻസിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]