മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് നടപടികളിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. പാർട്ടി സ്ഥാനാർഥിയായ മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക വരണാധികാരി തള്ളി.
സൂക്ഷ്മ പരിശോധനാ വേളയിലാണ് പത്രിക അസാധുവാക്കിയതായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഒരു ക്രിമിനൽ കേസ് സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചു എന്ന് ആരോപിച്ച് ബിജെപി നേതൃത്വം റിട്ടേണിങ് ഓഫിസർക്ക് പരാതി നൽകിയിരുന്നു.
തെലങ്കാനയിലെ ഒരു കോടതിയിൽ നിലനിൽക്കുന്ന ക്രിമിനൽ കേസ് വിവരങ്ങൾ പത്രികയിൽ രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു പ്രധാന ആരോപണം. ബിജെപി ഉന്നയിച്ച വാദങ്ങൾ തള്ളിക്കൊണ്ട് കോൺഗ്രസ് നേതൃത്വം രംഗത്തെത്തി.
മീനാക്ഷിക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഉമങ് സിങ്കർ വ്യക്തമാക്കി. ഒരു കോടതി നോട്ടിസ് ലഭിക്കുക മാത്രമാണ് ചെയ്തതെന്നും അത് ക്രിമിനൽ കേസായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും, കോടതിയിൽ നിലവിലുള്ള ഔദ്യോഗിക ക്രിമിനൽ കേസുകൾ മാത്രമാണ് സ്ഥാനാർഥികൾ വെളിപ്പെടുത്തേണ്ടതെന്നുമാണ് കോൺഗ്രസ് വൃത്തങ്ങളുടെ നിലപാട്. റിട്ടേണിങ് ഓഫിസറുടെ നടപടിയിൽ പ്രതിഷേധിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
എന്നാൽ ഓഫിസിനുള്ളിലേക്ക് പ്രവേശിക്കാൻ നേതാക്കൾക്ക് അനുമതി ലഭിച്ചില്ല. സംഭവത്തിൽ പ്രതികരിക്കവെ, ഭരണകക്ഷിയുടെ ജനാധിപത്യവിരുദ്ധമായ നീക്കമാണിതെന്ന് മീനാക്ഷി നടരാജൻ ആരോപിച്ചു.
‘‘ആവശ്യമായത്ര അംഗബലമില്ലാതിരുന്നിട്ടും ഭരണകക്ഷിയായ ബിജെപി മൂന്നാമതൊരു സ്ഥാനാർഥിയെ നിർത്തിയപ്പോഴാണ് ഇതെല്ലാം ആരംഭിച്ചത്. ഭരണഘടനയെയും ജനാധിപത്യത്തെയും ചവിട്ടിമെതിക്കാനുള്ള രാഷ്ട്രീയമാണ് അവർ നടത്തുന്നത്’’ എന്ന് അവർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

