വയനാട് മുണ്ടക്കൈ–ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ച ദുരന്തനിവാരണ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ വകമാറ്റി സെക്രട്ടേറിയറ്റിലെ ഓഫിസ് ആവശ്യങ്ങൾക്കായി ചെലവഴിച്ചതായി രേഖകൾ പുറത്തുവന്നു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലയളവിൽ, ദുരന്ത നിവാരണ വകുപ്പിന്റെ ‘മുൻകരുതൽ ശേഷി വികസന ഫണ്ടിൽ’ (Disaster Mitigation Fund) നിന്നാണ് 4.32 ലക്ഷം രൂപയുടെ കംപ്യൂട്ടർ ഉപകരണങ്ങൾ വാങ്ങിയത്.
ഇതനുസരിച്ച്, 2.82 ലക്ഷം രൂപ ചെലവഴിച്ച് ആറ് ലാപ്ടോപ്പുകളും 1.5 ലക്ഷം രൂപ ചെലവഴിച്ച് ഒരു ഫോട്ടോസ്റ്റാറ്റ് മെഷീനുമാണ് സെക്രട്ടേറിയറ്റിലെ ദുരന്തനിവാരണ വകുപ്പ് ഓഫിസിലേക്കായി വാങ്ങിയത്. ദുരന്തസാധ്യതയുള്ള മേഖലകളിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള അത്യാധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനും, അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ജീവനക്കാർക്ക് പരിശീലനം നൽകുന്നതിനുമാണ് ഈ ഫണ്ട് രൂപീകരിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദ്ദേശങ്ങൾ പ്രകാരം, ഈ ഫണ്ടിലെ തുക വകുപ്പിന്റെ ദൈനംദിന ചെലവുകൾക്കോ, ഓഫിസ് ആവശ്യങ്ങൾക്കോ, ജീവനക്കാരുടെ ശമ്പള വിതരണത്തിനോ ഉപയോഗിക്കാൻ പാടുള്ളതല്ല. എന്നാൽ, ഈ വ്യവസ്ഥകളെല്ലാം ലംഘിച്ചാണ് തുക വകമാറ്റിയത്.
2023 സെപ്റ്റംബർ 24-ന് ഗവ. സെക്രട്ടറി വയനാട് ടൗൺഷിപ് സ്പെഷൽ ഓഫിസർക്ക് നൽകിയ കത്തിനെ തുടർന്നാണ് ഈ ഉപകരണങ്ങൾ വാങ്ങിയത്.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന ദുരന്തനിവാരണ വകുപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു ഈ നടപടി. സാധാരണയായി സെക്രട്ടേറിയറ്റിലെ ഓഫിസുകൾക്കായി കംപ്യൂട്ടർ ഉപകരണങ്ങൾ വാങ്ങാറുള്ളത് ഐടി സെൽ മുഖേനയാണെന്നിരിക്കെ, പ്രത്യേക ഫണ്ട് ഇതിനായി ഉപയോഗിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

