സംസ്ഥാനത്ത് വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി വനംവകുപ്പ് പുതിയ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നു. കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ സേവനം ലഭ്യമാക്കുന്നതിനായി ഏറ്റവും അടുത്തുള്ള ഷൂട്ടർമാരെ വേഗത്തിൽ ബന്ധപ്പെടാൻ സാധിക്കുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നത്.
കലക്ടർ അനുകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല നിയന്ത്രണ സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ നടന്നത്. പ്രശസ്തമായ ‘സർപ്പ’ ആപ്പിന്റെ മാതൃകയിലായിരിക്കും പുതിയ ആപ്ലിക്കേഷൻ രൂപകല്പന ചെയ്യുക.
കാട്ടുപന്നി ശല്യം റിപ്പോർട്ട് ചെയ്യുന്ന നിമിഷം തന്നെ റജിസ്റ്റർ ചെയ്തിട്ടുള്ള ഷൂട്ടർമാർക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശം ലഭിക്കും. സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി വാർഡ് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറിമാർ, ജാഗ്രതാ സമിതി കോഓർഡിനേറ്റർമാർ എന്നിവരുടെ ഫോൺ നമ്പറുകളും ആപ്പിൽ ഉൾപ്പെടുത്തും.
ആപ്ലിക്കേഷൻ നിർമാണം വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകി.
കൂടാതെ, പഞ്ചായത്ത് തലത്തിൽ ഷൂട്ടർമാരുടെ എണ്ണം വർധിപ്പിക്കുന്നതിനായി പ്രത്യേക പാനൽ രൂപീകരിക്കും. വന്യമൃഗങ്ങൾ താവളമാക്കുന്ന പൂട്ടിയിട്ട
എസ്റ്റേറ്റുകളും പുരയിടങ്ങളും വൃത്തിയാക്കുന്നതിനായി പ്രത്യേക സംവിധാനങ്ങൾ കൊണ്ടുവരും. ഇതിന്റെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ ഭൂമി, വ്യവസായ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള സ്ഥലങ്ങൾ എന്നിവ മാപ്പിംഗ് നടത്തും.
മലയോര മേഖലയിലെ തോട്ടങ്ങളിൽ വന്യമൃഗങ്ങൾക്ക് ഒളിത്താവളമാകുന്ന അടിക്കാടുകൾ നീക്കം ചെയ്യുന്നതിന് കർശന നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. ഇതിനുപുറമെ, കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളുടെ ശല്യം നിയന്ത്രിക്കുന്നതിനായി അതത് പഞ്ചായത്തുകളിൽ പ്രാദേശിക റെസ്പോൺസ് ടീമുകളെ രൂപീകരിച്ച് പരിശീലനം നൽകും.
ഇത്തരം പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി പഞ്ചായത്ത് തലത്തിൽ ഫോറസ്റ്റ് ലെയ്സൺ ഓഫിസർമാരെ നിയമിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

