ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ എച്ച്-1ബി വിസകളുടെ ഫീസ് കുത്തനെ ഉയർത്താനുള്ള ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം നിയമവിരുദ്ധമെന്ന് യുഎസ് ഫെഡറൽ കോടതി പ്രഖ്യാപിച്ചു. ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ലിയോ സോറോക്കിൻ ആണ് ഇത് സംബന്ധിച്ച സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബറിലാണ് പുതിയ വിസ ഫീസായി 1,00,000 ഡോളർ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഈടാക്കുമെന്ന് ഭരണകൂടം പ്രഖ്യാപിച്ചത്. എന്നാൽ, ഇത്രയും വലിയ തുക ഈടാക്കാൻ ഭരണകൂടത്തിന് നിയമപരമായ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.
ഡെമോക്രാറ്റിക് പാർട്ടിയുടെ 20 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ സംയുക്തമായി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ വിധി. തൊഴിലധിഷ്ഠിത കുടിയേറ്റ നിയമങ്ങൾ കർശനമാക്കാനും വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഈ വിധി.
അമേരിക്കൻ കമ്പനികൾക്ക് ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ ജീവനക്കാരെ നിയമിക്കാൻ സൗകര്യമൊരുക്കുന്നതാണ് എച്ച്-1ബി വിസ പ്രോഗ്രാം. ഇന്ത്യൻ ഐടി മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകളും പ്രമുഖ ഐടി കമ്പനികളും വലിയ തോതിൽ ആശ്രയിക്കുന്ന ഈ പ്രോഗ്രാമിലെ ഫീസ് വർദ്ധനവ് റദ്ദാക്കിയത് ആയിരക്കണക്കിന് ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്ക് വലിയ ആശ്വാസമാണ് പകർന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

