രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് കപ്പലപകടം; തീരം നേരിടാൻ പോകുന്ന പ്രതിസന്ധികൾ വലുത്, കേരളത്തിനു പരിചിതമല്ലാത്ത ദുരന്തം
കൊച്ചി∙ ഒരു കപ്പൽ പൂർണമായി മുങ്ങി കടുത്ത പ്രതിസന്ധിയെ നേരിടുന്ന സമയത്തു തന്നെയാണ് രണ്ടാഴ്ചയ്ക്കുള്ളിൽ മറ്റൊരു കപ്പൽ കൂടി കേരള തീരത്ത് അപകടത്തിലായിരിക്കുന്നത്. മേയ് 24ന് മുങ്ങിയ എംഎസ്സി എൽസ 3യെ അപേക്ഷിച്ച് കൂടുതൽ അപകടകരമാണ് ഇന്ന് തീപിടിച്ചg മുങ്ങിക്കൊണ്ടിരിക്കുന്ന വാൻഹായ് 503 എന്നാണു പുറത്തുവരുന്ന വിവരം.
എംഎസ്സി എൽസ 3 കപ്പൽ അപകടത്തിൽ ക്രിമിനൽ കേസ് എടുക്കേണ്ടതില്ല എന്ന സംസ്ഥാന സർക്കാർ തീരുമാനം നിലനിൽക്കെയാണു പുതിയൊരു ദുരന്തം കൂടി കേരളാ തീരത്ത് ഉണ്ടായിരിക്കുന്നത് എന്നതും പ്രധാനമാണ്. കേരള തീരത്ത് അപകടമുണ്ടായാലും കേസുണ്ടാവില്ല എന്ന അവസ്ഥാവിശേഷം ഭാവിയിൽ സംജാതമാകാനും സർക്കാർ തീരുമാനം കാരണമായേക്കുമെന്ന ആരോപണവുമായി പ്രതിപക്ഷ രംഗത്തെത്തി കഴിഞ്ഞു.
Also Read
അപ്രതീക്ഷിതമായ ദുരന്തമാണു രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ തേടിയെത്തിയിരിക്കുന്നത്.
അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കും എന്നത് അടുത്തൊന്നും നിർണയിക്കുക സാധ്യവുമല്ല. തോട്ടപ്പിള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ അകലെയാണു എംഎസ്സി എൽസ 3 മുങ്ങിക്കിടക്കുന്നത്.
ഇതിലുള്ള അപകടകരമായ വസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകൾ അടുത്തൊന്നും നീക്കം ചെയ്യാൻ സാധ്യതയില്ല. കണ്ടെയ്നറിന്റെയും കപ്പലിന്റെയും കാര്യം മൺസൂണിനു ശേഷം തീരുമാനിക്കാമെന്നാണു മുഖ്യമന്ത്രിയും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും ചീഫ് സെക്രട്ടറിയും ചേർന്ന യോഗത്തിന്റേതായ പുറത്തു വന്ന തീരുമാനത്തിൽ പറയുന്നത്.
കപ്പലിലെ എണ്ണ നീക്കം ചെയ്യുന്ന പ്രവർത്തികൾ ജൂൺ 13ന് തുടങ്ങി ജൂലൈ 3ന് പൂർത്തിയാക്കുമെന്നു ഷിപ്പിങ് ഡയറക്ടർ ജനറൽ നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിവച്ച മാപ്പിങ്ങിനു ശേഷം ദക്ഷിണാഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിലെ മുങ്ങൽ വിദഗ്ധർ അടക്കമുള്ളവർ ഇന്നു മുതൽ കപ്പല്‍ മുങ്ങിക്കിടക്കുന്നിടം പരിശോധിച്ചു തുടങ്ങിയിരുന്നു.
തീരത്തടിഞ്ഞ പ്ലാസ്റ്റിക് പെല്ലെറ്റുകൾ ഉൾപ്പെടെയുള്ളവ പൂർണമായി നീക്കിത്തുടങ്ങിയിട്ടില്ല. കപ്പലിനൊപ്പം കടലിന്റെ അടിത്തട്ടിൽ കിടക്കുന്ന കണ്ടെയ്നറുകളിലെ കാൽസ്യം കാർബൈഡ് അടക്കമുള്ള രാസവസ്തുക്കൾ പുറത്തുവരുമോ എന്ന ആശങ്ക നിലനിൽക്കുന്നു.
കപ്പലിൽ ചോർന്ന എണ്ണ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നിരുന്നു. എന്താണ് അപകടകാരണമായത് എന്നതും കണ്ടെത്തിയിട്ടില്ല.
അതിനിടെയാണ് പുതിയ ദുരന്തവും എത്തിയിരിക്കുന്നത്. എംഎസ്സി എൽസ 3യെ സംബന്ധിച്ച് കുറെയധികം കണ്ടെയ്നറുകളിൽ ഭക്ഷ്യവസ്തുക്കളാണ് ഉണ്ടായിരുന്നത്. 73 കണ്ടെയ്നറുകള്‍ കാലിയായിരുന്നു.
എന്നാല്‍ സിംഗപ്പുർ പതാക പേറുന്ന വാൻഹായ് 503ലെ 600ലേറെ കണ്ടെയ്നറുകളിൽ എന്തൊക്കെയാണ് ഉള്ളത് എന്നതു പോലും പുറത്തു വന്നിട്ടില്ല. കപ്പലിന്റെ ഡെക്കിനു താഴെ തീ പിടിച്ചു എന്നായിരുന്നു രാവിെല ഒമ്പതരയോടെ കോസ്റ്റ് ഗാർഡിനു ലഭിച്ച വിവരം.
തുടർന്ന് കപ്പലിൽ തന്നെയുള്ളവർ തീ കെടുത്താൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് നാലു പേരെ കാണാതായത് എന്നാണ് വിവരം.
ഡെക്കിന് അടിയിൽ നിന്നു പടർന്ന തീ കണ്ടെയ്നറുകളിലേക്ക് പടരുകയും ഇത് കപ്പലിനെ ആകെ തന്നെ വിഴുങ്ങുന്ന രൂപത്തിലേക്ക് മാറുകയും ചെയ്തിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വിവരം. കോസ്റ്റ്ഗാർഡിന്റെ 5 കപ്പലുകളും നാവികസേനാ കപ്പലുകളും ഹെലികോപ്റ്ററും സ്ഥലത്തെത്തിയെങ്കിലും അടുത്തേക്ക് എത്താൻ പോലും സാധിക്കാത്തത്ര തീയാണ് എന്നാണു പ്രതിരോധ വൃത്തങ്ങൾ പറയുന്നത്.
Also Read
മുമ്പ് ഉണ്ടായിട്ടുണ്ടെങ്കിലും കപ്പലപകടങ്ങളും അതുണ്ടാക്കുന്ന ദുരന്തങ്ങളും കേരളത്തിന് അത്ര പരിചയമല്ല.
സമുദ്ര പരിസ്ഥിതി, പാരിസ്ഥിതിക പ്രശ്നങ്ങൾ, മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികൾ തുടങ്ങി ദീർഘകാലത്തേക്ക് കേരള തീരം നേരിടാൻ പോകുന്ന പ്രതസന്ധികൾ വലുതാണ് എന്ന മുന്നറിയിപ്പുകൾ നിലനിൽക്കുന്നു. ഇതിനിടെയാണ് നഷ്ടപരിഹാരം മാത്രം ഈടാക്കി കേസ് വേണ്ടെന്നു വയ്ക്കാൻ സർക്കാർ നീക്കത്തെ കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നത്.
അഴീക്കൽ തീരത്തു നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ മാത്രമാണ് വാൻഹായ് 503 കപ്പലിനു തീപിടിച്ചത്. എത്രത്തോളം വലിയ ദുരന്തമായിരിക്കും ഇതു വരുത്തിവയ്ക്കാൻ പോകുന്നത് എന്നത് വരുംദിവസങ്ങളിൽ മാത്രമേ പുറത്തുവരൂ.
നിലവിലെ സാഹചര്യത്തിൽ അത്യപൂർവമായ ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

