
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി സതീഷ് (60) നെ ആണ് തോട്ടിലെ മാലിന്യങ്ങൾക്കിടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തോട്ടിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പകൽ പഴവങ്ങാടി പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ ഇയാൾ മദ്യലഹരിയിൽ തോട്ടിൽ വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഫയർഫോഴ്സ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജികുമാറിന്റെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ആമയിഴഞ്ചാൻ തോട്ടിൽ വീണ്ടും മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട സാഹചര്യത്തിൽ മാലിന്യം നീക്കം ചെയ്യാനുള്ള നടപടികൾ മേജർ ഇറിഗേഷൻ വകുപ്പ് അടിയന്തരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. മാലിന്യം നീക്കം ചെയ്തതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉറപ്പാക്കണം. തോട് ശുചീകരിച്ച ശേഷവും മാലിന്യം നിക്ഷേപിച്ചതിന്റെ ഉത്തരവാദിത്വം ആർക്കാണെന്ന് നഗരസഭാ സെക്രട്ടറി രേഖാമൂലം വിശദീകരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
മാലിന്യം നിക്ഷേപിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ നിയോഗിച്ചിരിക്കുന്ന രാത്രി സ്ക്വാഡിന്റെ പ്രവർത്തനം നിർത്താനുള്ള കാരണങ്ങളും റിപ്പോർട്ടിലുണ്ടാവണം. രാത്രി സ്ക്വാഡിന് വാഹനം ഉറപ്പാക്കണം. മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനുള്ള പരിഹാരമാർഗ്ഗങ്ങളും സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]