അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യ, ന്യൂസിലൻഡിനെ തകര്‍ത്ത് മൂന്നാം കിരീടം നേടിയപ്പോള്‍ ലോകകപ്പിന്റെ താരമായത് മലയാളി താരം സഞ്ജു സാംസണായിരുന്നു. വെറും അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 321 റണ്‍സടിച്ചാണ് ലോകകപ്പിന്റെ താരമായത്.
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ പ്ലേയിംഗ് ഇലവനില്‍ പോലും ഇടമില്ലാതിരുന്ന സഞ്ജുവിന് അഭിഷേക് ശര്‍മ അസുഖബാധിതനായപ്പോള്‍ നമീബിയക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്.
അഭിഷേക് ശര്‍മ തുടര്‍ച്ചയായി മൂന്ന് ഡക്കടിച്ചിട്ടും അവസരം ലഭിക്കാതിരുന്ന സഞ്ജു പിന്നീട് സൂപ്പര്‍ 8ല്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റ് സെമിയിലെത്താതെ പുറത്താകുമെന്ന ഘട്ടത്തിലാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. സിംബാബ്വെക്കെതിരെ ടീമിന് തകര്‍പ്പൻ തുടക്കമിട്ട
സഞ്ജു പിന്നീട് മൂന്ന് കളിയിലും ടീമിന്റെ ടോപ് സ്കോററായാണ് ലോകകപ്പിന്റെ താരമായത്. സ്വപ്നതുല്യമായ ഈ തിരിച്ചുവരവിന് പിന്നില്‍ ആരാണെന്ന് ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട
ശേഷം സഞ്ജു തന്നെ വെളിപ്പെടുത്തി. എന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട്.ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങളിൽനിന്നും മുൻ താരങ്ങളില്‍ നിന്നും കളി മെച്ചപ്പെടുത്താനായി എനിക്ക് ഒരുപാട് മാർഗനിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്.
അവരെല്ലാം എന്നെ പരമാവധി സഹായിക്കാൻ ശ്രമിച്ചു. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായിട്ടുള്ള ഒരു കാര്യം ഇവിടെ തറന്നുപറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഞാൻ സച്ചിൻ ടെൻഡുൽക്കറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നു. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നഷ്ടമായ സമയത്ത് എങ്ങനെയുള്ള മനോഭാവമാണ് വേണ്ടതെന്ന് ഞാൻ ചിന്തിച്ചു.
അങ്ങനെയാണ് ഞാന്‍ ഉപദേശം ചോദിച്ച് സച്ചിൻ സാറെ വിളിച്ചത്. അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിച്ചു.
കളി കാണാതെ പുറത്തിരിക്കുമ്പോഴും പുലർത്തേണ്ട പോസിറ്റീവ് മനോഭാവത്തെക്കുറിച്ച് സച്ചിൻ എന്നെ ഉപദേശിച്ചു.
ഓരോ മത്സരത്തിനും മുമ്പുള്ള തയ്യാറെടുപ്പുകൾ, കളിയെക്കുറിച്ചുള്ള അവബോധം എന്നിവയെല്ലാം മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. ഇന്നലെ പോലും ഞാൻ എങ്ങനെയുണ്ട് എന്ന് ചോദിക്കാൻ അദ്ദേഹം വിളിച്ചിരുന്നു.
അദ്ദേഹത്തെപ്പോലൊരാളിൽ നിന്ന് മാർഗനിർദ്ദേശം ലഭിക്കുക എന്നതിൽ കൂടുതൽ എന്താണ് എനിക്ക് ചോദിക്കാൻ കഴിയുക. കഴിഞ്ഞ രണ്ട് മാസമായി സച്ചിൻ നൽകിയ കൃത്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങുമാണ് എന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചത്- സഞ്ജു വെളിപ്പെടുത്തി.
2024-ലെ ലോകകപ്പ് ജയിച്ച ടീമിലും അംഗമായിരുന്നുവെങ്കിലും അന്ന് ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ആ സമയത്താണ് അഹമ്മദാബാദിലെ ഫൈനലിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തുന്നതിനെക്കുറിച്ച് ഞാൻ സ്വപ്നം കണ്ടു തുടങ്ങിയത്.
എന്നാല്‍ ലേകകപ്പിന് തൊട്ടു മുമ്പ് ഫോം ഔട്ടായി പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടമായതോടെ ഞാന്‍ ആകെ തകര്‍ന്നു. പക്ഷെ ദൈവനിശ്ചയം മറ്റൊന്നായിരുന്നു.
നിർണ്ണായക മത്സരങ്ങളിൽ എനിക്ക് അവസരം ലഭിച്ചു, എന്റെ രാജ്യത്തിന് വേണ്ടി എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്തു. അതുകൊണ്ട് തന്നെ, ഇത് സ്വപ്നം കാണാനുള്ള ധൈര്യം കാണിച്ചതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു, സന്തോഷിക്കുന്നു.
കാര്യങ്ങൾ എനിക്ക് അനുകൂലമായി വന്നതിൽ വലിയ നന്ദിയുണ്ട്- സഞ്ജു പറഞ്ഞു. View this post on Instagram A post shared by ICC (@icc) സത്യം പറഞ്ഞാൽ ഇതൊരു സ്വപ്നം പോലെ തോന്നുന്നു.
പറയാൻ വാക്കുകൾ കിട്ടുന്നില്ല, വികാരങ്ങൾ അടക്കാനാവുന്നില്ല. ഞാൻ ആ ഒരു അവസ്ഥയിലൂടെ കടന്നുപോവുകയാണ്, അതുകൊണ്ട് തന്നെ എല്ലാം ഒരു മായ പോലെ തോന്നുന്നു.
ഭാവിയിൽ ഇനി എന്ത് നേടാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് എനിക്ക് ഇത് തന്നെ ഇപ്പോൾ വളരെ വലിയ കാര്യമാണ്. ഇപ്പോൾ ഇത് ആസ്വദിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
കുറച്ചു ദിവസങ്ങൾക്ക് ശേഷം അടുത്തതായി ഭാവി പദ്ധതികളെക്കുറിച്ച് തീരുമാനിക്കാമെന്ന് സഞ്ജു പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

