റിയാദ്: പശ്ചിമേഷ്യയിലെ യുദ്ധത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു അമേരിക്കൻ സൈനികൻ കൂടി മരിച്ചു. ഇദ്ദേഹത്തിൻ്റെ പേരുവിവരങ്ങൾ യുഎസ് സൈന്യം പുറത്തുവിട്ടിട്ടില്ല.
മരിച്ച സൈനികൻ്റെ ബന്ധുക്കളെ വിവരം അറിയിച്ച് 24 മണിക്കൂറിന് ശേഷമേ പേരുവിവരം പുറത്തുവിടൂ എന്നാണ് അറിയിച്ചിരിക്കുന്നത്. മേഖലയിൽ സംഘർഷം ആരംഭിച്ചതിന് പിന്നാലെ മാർച്ച് ഒന്നിനാണ് കൊല്ലപ്പെട്ട
സൈനികന് ഗുരുതരമായി പരിക്കേറ്റത്. സൗദി അറേബ്യയിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്.
ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചതെന്നാണ് യുഎസ് സൈന്യം അറിയിക്കുന്നത്. ഇറാനെതിരായ സൈനിക നീക്കത്തിന് ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്നാണ് അമേരിക്ക പേരിട്ടത്.
ഈ നീക്കം തുടങ്ങിയ ശേഷം മരിച്ച ഏഴാമത്തെ സൈനികനാണ് ഇത്. അതേസമയം ഇന്നലെ രാത്രി ഇസ്രയേലിലും രണ്ട് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്.
വടക്കൻ ഇസ്രയേലിൻ്റെ അതിർത്തികളിൽ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിലാണ് രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടത്. ഈ മേഖലയിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും വലിയ തോതിൽ ആക്രമണം ഉണ്ടായതായി സൈനിക മേധാവി അറിയിച്ചു.
ഇറാനിലെ പുതിയ പരമോന്നത നേതാവായി കൊല്ലപ്പെട്ട അയത്തൊള്ള അലി ഖമനെയിയുടെ രണ്ടാമത്തെ മകൻ മുജ്തബ ഖമനെയിയെ തെരഞ്ഞെടുത്തതോടെ ഇറാൻ്റെ സൈനിക നീക്കം ശക്തമായി മുന്നോട്ട് പോകുമെന്നാണ് സൂചന.
പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധം ഇനിയും നീണ്ടുനിൽക്കുമെന്നും ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് ഇസ്രായേൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ ഇന്ന് വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ ലോകരാഷ്ട്രങ്ങളെല്ലാം ആശങ്കയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

