വയനാട് ബത്തേരി നെന്മേനി ചമയംകുന്നിൽ പശുഫാം നടത്തുന്ന കർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു. കർഷകയായ സ്റ്റെഫിൻ പോളുമായി ഫോണിൽ ബന്ധപ്പെട്ട
മന്ത്രി, സർക്കാരിന്റെ ഭാഗത്തുനിന്നും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകി. വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടായത്.
തുടർനടപടികളുടെ ഭാഗമായി, ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി. സിദ്ദിഖുമായി മന്ത്രി ബിന്ദു കൃഷ്ണ വിഷയം ചർച്ച ചെയ്തു.
ക്ഷീരകർഷക ദമ്പതികൾക്ക് ആവശ്യമായ സഹായങ്ങളും പ്രാദേശികമായ ക്രമീകരണങ്ങളും ഒരുക്കാൻ ഇടപെടലുകൾ നടത്തിവരികയാണെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.
വിഷയത്തിൽ സമഗ്രമായ പരിശോധന നടത്തുന്നതിനായി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസറോടും മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകിയിട്ടുണ്ട്. ഫാമിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
മുൻപും സമാനമായ രീതിയിൽ വിഷയം വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധനകൾ നടത്തിയിരുന്നു. അന്ന് നടത്തിയ പരിശോധനയിൽ കർഷകരുടെ ഭാഗത്ത് യാതൊരുവിധ വീഴ്ചയോ തെറ്റോ ഇല്ലെന്നാണ് കണ്ടെത്തിയിരുന്നത്.
സമ്പാദ്യവും വായ്പയുമുൾപ്പെടെ ഏകദേശം രണ്ട് കോടിയോളം രൂപ മുതൽമുടക്കി എഴുപതിലധികം പശുക്കളുമായി ഫാം നടത്തിവരുന്ന ഈ കർഷക ദമ്പതികൾ നേരിടുന്ന പ്രതിസന്ധിയെ ഗൗരവത്തോടെയാണ് സർക്കാർ നോക്കിക്കാണുന്നത്. ക്ഷീരമേഖലയിൽ പ്രയാസങ്ങൾ നേരിടുന്ന കർഷകർക്ക് അർഹമായ സംരക്ഷണവും പിന്തുണയും ഉറപ്പാക്കുക എന്നത് സർക്കാരിന്റെയും വകുപ്പിന്റെയും പ്രധാന ഉത്തരവാദിത്തമാണെന്ന് അധികൃതർ വ്യക്തമാക്കി.
സ്റ്റെഫിൻ പോളിനും സുഭാഷ് ജോയിക്കും യാതൊരു തടസ്സവുമില്ലാതെ ഫാം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പൂർണ്ണ പിന്തുണ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

