കോഴിക്കോട് ജില്ലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലൈസൻസില്ലാതെ വാഹനം നൽകിയ സംഭവത്തിൽ രണ്ടു രക്ഷിതാക്കൾ ഉൾപ്പെടെ നാല് പേർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിച്ചു. നഗരത്തിൽ പുലർച്ചെ നടത്തിയ പരിശോധനയ്ക്കിടയിലാണ് ലൈസൻസില്ലാതെ വാഹനം ഓടിച്ച കുട്ടികളും വാഹന ഉടമകളും പിടിയിലായത്.
സംഭവുമായി ബന്ധപ്പെട്ട് ആകെ 3 വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ടൗൺ പൊലീസ് നഗരത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ സ്കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര ചെയ്ത രണ്ട് കുട്ടികളെയും മാവൂരിൽ കാറുമായി കറങ്ങിയ കുട്ടിയെയുമാണ് ആദ്യം പിടികൂടിയത്.
ഇന്നലെ പുലർച്ചെ 1.40-ന് മാനാഞ്ചിറ ടൗൺഹാൾ റോഡിലൂടെ അമിതവേഗതയിൽ പായുകയായിരുന്ന സ്കൂട്ടർ പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് വാഹനം ഓടിക്കുന്നത് ലൈസൻസില്ലാത്ത കുട്ടിയാണെന്ന് വ്യക്തമായത്. തുടർന്ന് വാഹന ഉടമയെ പൊലീസ് ബന്ധപ്പെടുകയും, കണ്ണിപറമ്പ് സ്വദേശി കെ.
അബ്ദുൽ നൈഫലിനെതിരെ ടൗൺ പൊലീസ് കേസെടുക്കുകയും ചെയ്തു. തുടർന്ന് പുലർച്ചെ 3.40-ഓടെ മറ്റൊരു സ്കൂട്ടർ ഇതുപോലെ ഓടിച്ചെത്തിയ മറ്റൊരു കുട്ടിയെയും പൊലീസ് പിടികൂടി.
ഈ കുട്ടിക്ക് വാഹനം നൽകിയ വാഹന ഉടമയായ പാവണ്ടൂർ സ്വദേശി കെ. ബിജുലയ്ക്കെതിരെയും ടൗൺ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതിനുപുറമെ, മാവൂരിൽ പുലർച്ചെ 4 മണിക്ക് കാറുമായി എത്തിയ കുട്ടിയെ പൊലീസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. സുഹൃത്ത് നൽകിയ കാറുമായാണ് താൻ കറങ്ങാൻ ഇറങ്ങിയതെന്നായിരുന്നു കുട്ടിയുടെ മൊഴി.
ഉടൻതന്നെ സുഹൃത്തിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഉള്ളൂർ പുത്തൻപുരയിൽ സ്വദേശി അബ്ദുൽ സമദിനെതിരെയാണ് മാവൂർ പൊലീസ് കേസെടുത്തിട്ടുള്ളത്.
ഇതിനുപുറമേ, ചക്കുംകടവിൽ വൈകിട്ട് പന്നിയങ്കര പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലും സമാനമായ സംഭവം കണ്ടെത്തി. സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ പ്രായപൂർത്തിയാകാത്ത കുട്ടിയാണ് വാഹനം ഓടിക്കുന്നതെന്ന് തെളിഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹന ഉടമയെ കണ്ടെത്തുകയും കുട്ടിയുടെ മാതാവായ പന്നിയങ്കര സ്വദേശി ടി. നസ്രിയയ്ക്കെതിരെ പൊലീസ് കേസെടുക്കുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

