പരിയാരം: ഭാര്യയെ മർദിച്ച വിവരം നാട്ടുകാരോട് വെളിപ്പെടുത്തിയെന്നാരോപിച്ച് ഭാര്യാപിതാവിനെ വീട്ടിൽ അതിക്രമിച്ചുകയറി കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഏഴോം നെരുവമ്പ്രം എം.പി.സമീർ (35) ആണ് പരിയാരം പൊലീസ് പിടികൂടിയത്.
സംഭവത്തിൽ പരിക്കേറ്റത് പരിയാരം ഇരിങ്ങൽ സ്വദേശിയായ അബ്ദുൽ മുത്തലിബിനാണ് (49). കഴിഞ്ഞദിവസം രാവിലെ 10.15 മണിയോടെയായിരുന്നു ആക്രമണം നടന്നത്.
വീടിനുള്ളിലെ സോഫയിൽ വിശ്രമിക്കുകയായിരുന്ന അബ്ദുൽ മുത്തലിബിനെ പ്രതിയായ സമീർ ബലംപ്രയോഗിച്ച് താഴെയിടുകയും, തുടർന്ന് കയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് കാലിലും കൈകളിലും നിരവധി തവണ കുത്തുകയായിരുന്നു. വീട്ടുകാരുടെയും അയൽവാസികളുടെയും നിലവിളി ശബ്ദം കേട്ട് ആളുകൾ ഓടിയെത്തിയതിനെ തുടർന്ന്, പരിക്കേറ്റ അബ്ദുൽ മുത്തലിബിനെ ഉടൻതന്നെ തളിപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതിയായ സമീർ തന്റെ ഭാര്യയെ നിരന്തരം മർദിക്കുന്നത് സമീപവാസികൾ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഈ വിവരം പുറത്തറിഞ്ഞതിന് കാരണം ഭാര്യാപിതാവായ അബ്ദുൽ മുത്തലിബാണെന്ന സംശയവും വിദ്വേഷവുമാണ് ആക്രമണത്തിന് കാരണമായത്.
സംഭവത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

