തിരുവനന്തപുരം: വെറ്റ് ലീസി അടിസ്ഥാനത്തിൽ സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുവാൻ തീരുമാനിച്ചത് കെഎസ്ആർടിസിക്ക് കനത്ത സാമ്പത്തിക ബാധ്യതയാകുമെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഒരു കിലോമീറ്ററിന് സ്വകാര്യ ബസ്സിന് നൽകാൻ നിശ്ചയിച്ചിരിക്കുന്നത് 50 മുതൽ 54 രൂപ വരെയാണ്.
എന്നാൽ, ഈ തുക അതത് റൂട്ടുകളിലെ നിലവിലെ വരുമാനത്തേക്കാൾ വളരെ കൂടുതലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എസി, നോൺ എസി ബസ്സുകൾക്കാണ് കിലോമീറ്ററിന് 50 മുതൽ 54 രൂപ നിരക്കിൽ സർക്കാർ തുക നിശ്ചയിച്ചിട്ടുള്ളത്.
റൂട്ടുകളിൽ നിന്നും ലഭിക്കുന്ന കളക്ഷനെക്കാൾ വലിയ തുക സ്വകാര്യ ബസ് ഉടമകൾക്ക് നൽകേണ്ടി വരുന്നത് കോർപ്പറേഷന് തിരിച്ചടിയാകും. തിരുവനന്തപുരത്ത് നിന്നും പാലക്കാട് പോയി തിരികെ എത്തുമ്പോൾ കെഎസ്ആർടിസിയുടെ ഷെഡ്യൂൾ കിലോമീറ്റർ പ്രകാരമുള്ള ആകെ ദൂരം 754 കിലോമീറ്ററാണ്.
നിലവിൽ ലീസിനെടുത്തിരിക്കുന്ന ഒരു സ്വകാര്യ എസി ബസ്സിന് കിലോമീറ്ററിന് 54 രൂപയാണ് കെഎസ്ആർടിസി നൽകുന്നത്. ഈ കണക്കുപ്രകാരം പാലക്കാട് സർവീസ് നടത്തി തിരിച്ചെത്തുന്ന ഒരു സ്വകാര്യ ബസ്സിന് മാത്രം കോർപ്പറേഷൻ 40,716 രൂപ നൽകേണ്ടി വരും.
എങ്കിലും, തലസ്ഥാനത്തു നിന്നും പാലക്കാടേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ്സുകളുടെ കഴിഞ്ഞ ദിവസങ്ങളിലെ കളക്ഷൻ പരിശോധിച്ചാൽ ഈ തുകയേക്കാൾ വളരെ കുറവാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാണ്. കഴിഞ്ഞ ദിവസങ്ങളിലെ വരുമാന കണക്കുകൾ താഴെ പറയുന്നതാണ്:
– ഒക്ടോബർ 28: 45,832 രൂപ
– ഒക്ടോബർ 29: 29,113 രൂപ
– ഒക്ടോബർ 30: 51,230 രൂപ
– ഒക്ടോബർ 31: 30,741 രൂപ
സ്വകാര്യ ബസ്സുകൾക്ക് ദിവസേന നൽകാൻ സർക്കാർ നിശ്ചയിച്ച തുകയേക്കാൾ കുറഞ്ഞ വരുമാനം മാത്രം ലഭിക്കുമ്പോഴും, കരാർ പ്രകാരമുള്ള മുഴുവൻ തുകയും ഉടമകൾക്ക് നൽകേണ്ടി വരുന്നു.
ഇത് കെഎസ്ആർടിസിക്ക് വൻ നഷ്ടം വരുത്തിവെക്കും. സമാനമായ രീതിയിൽ സ്വകാര്യ ബസ്സുകൾ സർവീസ് നടത്തിവരുന്ന മറ്റ് റൂട്ടുകളിലെയും സ്ഥിതി വ്യത്യാസമില്ലാതെ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

