ടെഹ്റാൻ: ഇറാനെതിരെ പുതിയ പ്രതിരോധ നീക്കങ്ങളുമായി അമേരിക്ക രംഗത്ത്. ഇറാന്റെ ആയുധ നീക്കം തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ദൗത്യ സംഘത്തെ യുഎസ് നിയോഗിച്ചിരിക്കുന്നത്.
കര വഴിയും കടൽ വഴിയും രാജ്യത്തേക്ക് ആയുധ സാമഗ്രികളും മറ്റ് ഉത്പന്നങ്ങളും എത്തുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ‘അയേണ് ഗേറ്റ്’ എന്ന പേരിലാണ് പുതിയ ടാസ്ക് ഫോഴ്സിന് രൂപം നൽകിയിരിക്കുന്നത്.
ഇറാന്റെ ആണവ പദ്ധതികളെയും പ്രസ്തുത രഹസ്യ വിവരങ്ങളെയും കുറിച്ച് കൃത്യമായ സൂചന നൽകുന്നവർക്ക് രണ്ട് കോടി ഡോളർ വരെ പാരിതോഷികം പ്രഖ്യാപിച്ചു കൊണ്ടുള്ള അസാധാരണ പ്രഖ്യാപനവും യുഎസ് സെൻട്രൽ കമാൻഡ് പുറപ്പെടുവിച്ചിട്ടുണ്ട്. ആണവ പദ്ധതികളുടെ രൂപരേഖ, സ്ഥലം, ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന വ്യക്തികൾ തുടങ്ങിയ നിർണായക വിവരങ്ങൾ കൈമാറുന്നവർക്കാണ് വൻ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്.
അമേരിക്കയുടെ ഈ പുതിയ പ്രഖ്യാപനങ്ങളോട് ഇറാൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. പല തരത്തിലുള്ള സാമ്പത്തിക, നാവിക ഉപരോധങ്ങൾക്ക് പിന്നാലെയാണ് ഇറാനെ കൂടുതൽ സമ്മർദ്ദത്തിലാക്കിക്കൊണ്ട് പുതിയ ടാസ്ക് ഫോഴ്സ് പ്രഖ്യാപനം വന്നിരിക്കുന്നത്.
കാസ്പിയൻ കടൽ മാർഗ്ഗവും മറ്റ് സമാന വഴികളിലൂടെയും ഇറാനിലേക്ക് എത്തുന്ന സാമഗ്രികൾ ആയുധ നിർമാണത്തിന് ഉപയോഗിക്കുന്നു എന്നാണ് അമേരിക്കയുടെ പ്രധാന ആരോപണം. മേഖലയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഇത്തരം പ്രകോപനപരമായ നടപടികൾ.
ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട തിരിച്ചടികൾക്ക് പിന്നാലെ അമേരിക്കയ്ക്ക് നേരെ രൂക്ഷമായ മുന്നറിയിപ്പും പരിഹാസവുമായി ഇറാൻ നേതൃത്വവും രംഗത്തെത്തി.
തങ്ങളുമായി നേരിട്ടുള്ള യുദ്ധത്തിന് മുതിർന്നാൽ അമേരിക്ക കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഇറാൻ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. നിലവിലെ യുഎസ് ഭരണകൂടത്തിലെ പ്രമുഖരെ പരിഹസിച്ചും ഇറാൻ വക്താക്കൾ സംസാരിച്ചു.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇറാന്റെ നിലപാടുകൾക്ക് മുന്നിൽ പൂർണ്ണമായി കീഴടങ്ങിയെന്ന് പരിഹസിച്ച ഇറാൻ നേതൃത്വം, അമേരിക്കൻ പ്രതിരോധ സെക്രട്ടറിയും വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഉടൻ തന്നെ സ്ഥാനങ്ങളിൽ നിന്ന് പുറത്താകുമെന്നും അവകാശപ്പെട്ടു. യുഎസ് ഭരണകൂടത്തിനുള്ളിലെ ആഭ്യന്തര ഭിന്നതകളും വീഴ്ചകളും ചൂണ്ടിക്കാണിച്ചാണ് ഇറാൻ ഈ കടന്നാക്രമണം നടത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

