തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ പാമ്പുകടിയേറ്റു പാമ്പുപിടിത്തക്കാരൻ മരണപ്പെട്ടു. ഈഞ്ചക്കൽ വലിയ ഏലായിൽ അയ്യങ്കാളി പ്രതിമയ്ക്കുസമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ എന്ന സന്ദീപ് (33) ആണ് ജീവൻ വെടിഞ്ഞത്.
വീട്ടിനുള്ളിൽ വെച്ചാണ് അദ്ദേഹത്തിന് പാമ്പുകടിയേൽക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയ പാമ്പിനെ സന്ദീപ് തന്റെ താമസസ്ഥലത്തേക്ക് കൊണ്ടുവന്നിരുന്നു.
ഇന്നലെ രാത്രിയോടെ ഈ പാമ്പ് അദ്ദേഹത്തെ കടിച്ചതായാണ് ലഭിക്കുന്ന വിവരം. സംഭവത്തിനു പിന്നാലെ ഉടൻതന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം.
മരിച്ച സന്ദീപിന്റെ ഭാര്യ: രജനി.

