തിരുവനന്തപുരം നഗരസഭയുടെ വിവിധ വാർഡുകളിലൂടെ കടന്നുപോകുന്ന ആമയിഴഞ്ചാൻ തോടിന്റെ പാർശ്വഭിത്തികൾ വ്യാപകമായി തകർന്നത് സമീപവാസികളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. പൗഡിക്കോണം മുതൽ ഗാന്ധിപുരം കാക്കോട് വരെയുള്ള പ്രദേശങ്ങളിൽ തോടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞത് നിരവധി കുടുംബങ്ങളുടെ സുരക്ഷിതത്വത്തെ ബാധിച്ചിട്ടുണ്ട്.
പാണൻവിള ഗാന്ധിപുരം റസിഡൻഷ്യൽ അസോസിയേഷനിലെ ജി സെക്ടർ ജി 15ൽ താമസിക്കുന്ന കെ. മധുവിന്റെ വീടിന് ഗുരുതരമായ ഭീഷണിയാണ് നിലനിൽക്കുന്നത്.
തോടിന്റെ ഭിത്തി തകർന്ന് വീടിന്റെ പിൻഭാഗം ഭാഗികമായി നിലംപതിച്ച സാഹചര്യത്തിൽ, മധുവും കുടുംബവും ഇപ്പോൾ ബന്ധുവീട്ടിലാണ് താമസിക്കുന്നത്. പൗഡിക്കോണം, ചെല്ലമംഗലം, ഇടവക്കോട് വാർഡുകളിലെ പലയിടത്തും സമാനമായ രീതിയിൽ ഭിത്തികൾ തകർന്നു കിടക്കുകയാണ്.
ശുചീകരണം അനിശ്ചിതത്വത്തിൽ
കരകുളം പഞ്ചായത്തിലെ കാക്കോട് വരെ തോട് മുൻപ് ശുചീകരിച്ചിരുന്നു. എന്നാൽ കോർപറേഷൻ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ കഴിഞ്ഞ 40 വർഷമായി യാതൊരുവിധ ശുചീകരണ പ്രവർത്തനങ്ങളോ ബലപ്പെടുത്തൽ നടപടികളോ നടന്നിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
തോടിന്റെ വശങ്ങളിൽ കാടുകൾ വളർന്നു പന്തലിച്ചിരിക്കുകയാണ്. ഇത് ഇഴജന്തുക്കളുടെയും കാട്ടുപന്നികളുടെയും ശല്യം വർധിക്കാൻ കാരണമായിട്ടുണ്ട്.
അടിയന്തര ഇടപെടൽ തേടി നിവേദനം
വാർഡുകളുടെ എണ്ണം 100 ആക്കി വർധിപ്പിച്ച ഘട്ടത്തിൽ തന്നെ, ഉള്ളൂർ വരെയുള്ള ഭാഗങ്ങളിൽ തോട് ശുചീകരിക്കണമെന്നും പാർശ്വഭിത്തികൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തണമെന്നും നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്നത്തെ മേയർ വി.കെ.
പ്രശാന്തിന് നാട്ടുകാരും റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മേയർ വിഷയം കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചെങ്കിലും, തുടർനടപടികൾ സ്വീകരിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്നാണ് നാട്ടുകാരുടെ പരാതി.
അടിയന്തരമായി തോടിന്റെ വശങ്ങൾ ബലപ്പെടുത്തുന്നതിനും കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

