സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ഗ്രാമിന് 95 രൂപ കുറഞ്ഞ് 13,905 രൂപയിലും, പവന് 760 രൂപ കുറഞ്ഞ് 1,11,240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടായ തിരിച്ചടിയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. യുഎസിൽ തൊഴിലവസരങ്ങൾ മെച്ചപ്പെട്ടതും, അടിസ്ഥാന പലിശനിരക്കിൽ സമീപഭാവിയിൽ മാറ്റമുണ്ടാകില്ലെന്നുമുള്ള വിലയിരുത്തലുകൾ നിക്ഷേപകരെ ആശങ്കയിലാക്കിയിരുന്നു.
ഇതിനെത്തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വൻ ഇടിവുണ്ടായി. ഒരു ഘട്ടത്തിൽ ഔൺസിന് 140 ഡോളറിലേറെ ഇടിഞ്ഞ് 4238.6 ഡോളർ വരെ എത്തിയെങ്കിലും, നിലവിൽ 4310 ഡോളർ എന്ന നിലയിലാണ് വിലയുള്ളത്.
ഈ തിരുത്തൽ ഉണ്ടായില്ലായിരുന്നെങ്കിൽ കേരളത്തിൽ സ്വർണവിലയിൽ ആയിരം രൂപയിലധികം ഇടിവുണ്ടാകുമായിരുന്നു. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര വിപണിയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
ലെബനനെ ആക്രമിച്ചതിന് മറുപടിയായി ഇറാൻ ഇസ്രയേലിനു നേരെ മിസൈൽ ആക്രമണം നടത്തി. തിരിച്ചടിക്കരുതെന്ന ട്രംപ് ആവശ്യപ്പെട്ടെങ്കിലും, അത് അവഗണിച്ച് ഇസ്രയേൽ ഇറാനെതിരെ തിരിച്ചാക്രമണം നടത്തി.
ഈ സാഹചര്യത്തിൽ ക്രൂഡോയിൽ വിലയിൽ കുതിച്ചുചാട്ടമുണ്ടായി. ബ്രെന്റ് ക്രൂഡ് വില 4.37% ഉയർന്ന് 97.16 ഡോളറിലും, യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില 4.26% വർധിച്ച് 94.40 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.
എണ്ണവിലയിലെ വർധനവ് പണപ്പെരുപ്പത്തിന് വഴിവെക്കുമെന്നും, ഇത് തടയാൻ യുഎസ് ഫെഡറൽ റിസർവ് അടക്കമുള്ള ആഗോള കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർത്താൻ നിർബന്ധിതരാകുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇത് ഇന്ത്യയിൽ റിസർവ് ബാങ്കും പലിശ വർധിപ്പിക്കാൻ കാരണമായേക്കും.
പലിശ നിരക്കിലെ വർധനവും ഡോളറിന്റെ കരുത്തും സ്വർണവിലയെ തുടർന്നും സമ്മർദ്ദത്തിലാക്കാനാണ് സാധ്യത. സംസ്ഥാനത്തെ സ്വർണവിലയിലെ മാറ്റങ്ങൾ താഴെ പറയുന്നവയാണ്:
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) കണക്കുപ്രകാരം 18 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ കുറഞ്ഞ് 11,485 രൂപയായി.
വെള്ളി ഗ്രാമിന് 5 രൂപ കുറഞ്ഞ് 260 രൂപയിലുമെത്തി. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് 80 രൂപ കുറച്ച് 11,425 രൂപയാക്കി.
വെള്ളിയുടെ വിലയിൽ ഇവർ മാറ്റം വരുത്തിയിട്ടില്ല; ഗ്രാമിന് 265 രൂപയാണ് വില.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

