തിരുവനന്തപുരം ജില്ലയിലെ നരുവാമൂട്ടിൽ നടന്ന സംഘർഷത്തിനിടെ യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. വസ്ത്രശാലയുടെ ചില്ലിലേക്ക് പ്രതികൾ പിടിച്ചുതള്ളിയതിനെ തുടർന്ന് ചില്ല് തറച്ചുകയറി ശിവസൂര്യ എന്ന യുവാവാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് അജിത്, കാർത്തിക്, ആരോമൽ എന്നീ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട
പ്രിയൻ എന്ന ആൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞദിവസം രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.
നരുവാമൂട്ടിലെ വസ്ത്രശാലയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്ന ശിവസൂര്യയുടെ അടുത്തേക്ക് രണ്ട് ബൈക്കുകളിലായി എത്തിയ പ്രതികൾ എത്തുകയും, കഴിഞ്ഞ വർഷം ഒരു ടർഫിലുണ്ടായ തർക്കത്തെച്ചൊല്ലി വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. സംഘർഷത്തിനിടെ പ്രതികൾ ശിവസൂര്യയെ വസ്ത്രശാലയുടെ ഗ്ലാസ് ചില്ലിലേക്ക് തള്ളിയിടുകയായിരുന്നു.
തകർന്ന ചില്ലുകൾ യുവാവിന്റെ വയറ്റിലേക്ക് ആഴത്തിൽ തുളച്ചുകയറി. ഗുരുതരമായി പരിക്കേറ്റ ശിവസൂര്യയെ പ്രതികൾ തന്നെയാണ് ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ നിലയിലായിരുന്ന യുവാവിനെ ബൈക്കിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത് മുറിവിന്റെ ആഴം വർധിപ്പിച്ചെന്നും, ഗതാഗതത്തിനിടെ കാലുകൾ ടാറിലിടിഞ്ഞ് ഒരുകാലിലെ വിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റതായും നരുവാമൂട് പോലീസ് വ്യക്തമാക്കി.
19 നും 20 നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായ പ്രതികൾ. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

