ബിഹാറിലെ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് വെടിയേറ്റ് മരിച്ച സംഭവത്തിലെ മുഖ്യപ്രതി കേരളത്തിൽ പിടിയിലായി. സീതാമഠി ജില്ലാ പരിഷത്ത് അംഗമായിരുന്ന ബൈദ്യനാഥ് മഹ്തോയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബിഹാർ സീതാമഠി സ്വദേശി മുഹമ്മദ് അജാജ് അഹമ്മദ് (32) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ചാമക്കടയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബിഹാർ പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് സർക്കാർ 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ബിഹാറിലെ വിവിധ സ്റ്റേഷനുകളിലായി 11 കേസുകളിൽ പ്രതിയാണ് ഇയാൾ. കഴിഞ്ഞ സെപ്റ്റംബർ 12നാണ് സീതാമഠിയിലെ ദുംറയിൽ വെച്ച് പ്രഭാതസവാരിക്കിടെ ബൈദ്യനാഥ് മഹ്തോ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ഈ കേസിൽ മുഖ്യപ്രതിയായ ത്രിഭുവനെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. 2016 മുതൽ കേരളത്തിൽ കഴിയുന്ന അജാജ് കൊല്ലത്ത് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
എന്നാൽ ഇടയ്ക്കിടെ ബിഹാറിലെത്തി ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി. 2020ൽ മോഷണശ്രമത്തിനിടെ യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.
2012 മുതൽ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. ബിഹാർ ഇന്റലിജൻസ് വിഭാഗം നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഇയാൾ കേരളത്തിലുണ്ടെന്ന വിവരം ലഭിച്ചത്.
തുടർന്ന് എസ്ഐ രാമായൺ കുമാർന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം 10 ദിവസം മുമ്പ് കേരളത്തിൽ എത്തുകയായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ നടത്തിയ ശക്തമായ നീക്കത്തിനൊടുവിലാണ് ചാമക്കടയിലെ ഒളിത്താവളത്തിൽ നിന്ന് പ്രതിയെ വളഞ്ഞ് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ബിഹാർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

