ഉത്തർ പ്രദേശിലെ സഹാറൻപുർ ജില്ലയിൽ നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് മുൻ പൊലീസ് ഉദ്യോഗസ്ഥർക്ക് 20 വർഷം കഠിന തടവ് വിധിച്ചു. പതിനൊന്ന് വർഷം നീണ്ട
നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ 45 വയസ്സായ അതിജീവിതയ്ക്ക് അർഹമായ നീതി ലഭ്യമായിരിക്കുന്നത്. റിട്ടയേർഡ് സിഐ ബ്രിജ്മോഹൻ യാദവ്, വേദ്പാൽ സിങ് എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്.
2015 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വ്യാജ കേസിൽ ഉൾപ്പെടുത്തി യുവതിയുടെ ഭർത്താവിനെ രാത്രികാലങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ജയിലിലേക്ക് അയക്കുകയും ചെയ്യുകയായിരുന്നു.
ഭർത്താവിനെ മോചിപ്പിക്കാൻ സഹായം അഭ്യർത്ഥിച്ചുകൊണ്ട് രണ്ടു ദിവസത്തിന് ശേഷം, തന്റെ 10 വയസ്സുള്ള മകനുമായാണ് യുവതി പൊലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ കേസിൽ ഇടപെടാമെന്ന് ഉദ്യോഗസ്ഥർ വാഗ്ദാനം നൽകി.
അതിന്റെ ഭാഗമായി അന്നേ ദിവസം വൈകിട്ട് ഒരു പൊലീസുകാരൻ യുവതിയുടെ വീട്ടിലെത്തുകയും സ്റ്റേഷൻ ഹൗസ് ഓഫിസറെ നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് യുവതിയും ഭർതൃസഹോദരിയും ഭർതൃമാതാവും വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി.
എന്നാൽ ഭർതൃമാതാവിനെയും ഭർതൃസഹോദരിയെയും പുറത്ത് ഇരുത്തിയ ശേഷം യുവതിയെ സ്റ്റേഷനുള്ളിലെ ഒരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. ബ്രിജ്പാൽ യാദവും വേദ്പാലും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും ചേർന്ന് യുവതിയെ ക്രൂരമായ പീഡനത്തിനിരയാക്കി.
നിലവിളി കേട്ടെത്തിയ ഭർതൃസഹോദരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം പുറത്താരോടായെങ്കിലും പറഞ്ഞാൽ ഭർത്താവിനെ വർഷങ്ങളോളം ജയിലിൽ തന്നെ അടയ്ക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും അതിജീവിത വ്യക്തമാക്കി.
ഭയാനകമായ ഈ അനുഭവത്തിന് ശേഷം പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും അവർ പരാതി സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്ന് എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും ആ അപേക്ഷയും തള്ളപ്പെടുകയാണുണ്ടായത്.
തുടർന്ന് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് സഹാറൻപുർ പൊലീസിന് സംഭവത്തിൽ കേസെടുക്കാൻ നിർദേശം ലഭിക്കുന്നത്. വർഷങ്ങൾ നീണ്ട
നിയമപോരാട്ടത്തിനൊടുവിൽ ഒടുവിൽ നീതി ലഭിച്ചതിൽ ആശ്വാസമുണ്ടെന്ന് അതിജീവിത പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

