അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ പ്രതിപക്ഷത്തിനെതിരെ നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. അമ്പലപ്പുഴയിൽ പുതുതായി ആരംഭിച്ച എംഎൽഎ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ വിമർശിച്ചത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സഭയിൽ ‘നനഞ്ഞ കോഴി’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, കെ എൻ ബാലഗോപാൽ ഉൾപ്പെടെയുള്ളവർ സഭയിൽ കാര്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്നും അഭിപ്രായപ്പെട്ടു. സഭയിലെ പ്രതിപക്ഷത്തിന്റെ നിഷ്ക്രിയത്വം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് പറഞ്ഞ ജി സുധാകരൻ, “പിണറായി സഖാവാണെങ്കിൽ നനഞ്ഞ കോഴി പോലെയിരിക്കുകയാണ് അവിടെ.
ഒന്നും മിണ്ടുന്നില്ല. ബാലഗോപാലിനാണെങ്കിൽ സംസാരിക്കാനും അറിയില്ല.
എന്തൊരു ദയനീയമായ ചിത്രമാണ്. എനിക്ക് വിഷമം തോന്നി.
ഞാൻ അവിടെ ഇരുന്നതല്ലേ. 20 വർഷം, ഇവരുടെ കൂടെ” എന്ന് വ്യക്തമാക്കി.
വി ഡി സതീശന്റെ നിയമസഭയിലെ പ്രസംഗത്തെക്കുറിച്ച് സംസാരിക്കവേ, “സതീശന്റെ പ്രസംഗമുണ്ടായിരുന്നു ചർച്ച കഴിഞ്ഞ് അവസാനം. കഴിഞ്ഞ ഗവൺമെന്റിന്റെ ധനകാര്യസ്ഥിതിയെ കുറിച്ച് രൂക്ഷമായി 15 മിനിറ്റ് പറഞ്ഞു.
ഒരക്ഷരം എഴുന്നേറ്റ് നിന്ന് ഡിഫെൻഡ് ചെയ്തില്ല” എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുൻ ധനമന്ത്രി തോമസ് ഐസക് സഭയിലുണ്ടായിരുന്നെങ്കിൽ സാഹചര്യം മറ്റൊന്നായേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ കോൺഗ്രസിന്റെ സുവർണ്ണ കാലഘട്ടമാണെന്ന് വിശേഷിപ്പിച്ച ജി സുധാകരൻ, സി പി ഐ എം നേരിടുന്ന വിശ്വാസ്യത തകർച്ചയെക്കുറിച്ചും സംസാരിച്ചു. “കേരളത്തിലൊഴികെ സി പി ഐ എം എഴുന്നേറ്റ് നിൽക്കുന്നത് കോൺഗ്രസ് നൽകിയ ഊന്നുവടിയിലാണ്.
സി പി ഐ എമ്മിന്റെ ക്രഡിബിലിറ്റി നഷ്ടപ്പെട്ടു, അടുത്തകാലത്തൊന്നും നന്നാവില്ല” എന്നും അദ്ദേഹം തുറന്നടിച്ചു. ഇടതുപക്ഷം എന്നാൽ കേവലം വേഷവിധാനമല്ലെന്നും പ്രത്യയശാസ്ത്രപരമായ നിലപാടാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

