അമേരിക്കയിലെ ഫിലാഡൽഫിയയിൽ പീത്സ ഡെലിവറി നടത്തുന്നതിനിടെ തെലങ്കാന സ്വദേശിയായ ഇന്ത്യൻ യുവാവ് വെടിയേറ്റ് മരിച്ചു. 28 വയസ്സുകാരനായ അൻഷുൽ കുഞ്ച ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഉന്നത പഠനത്തിനായി യുഎസിലെത്തിയ ഇദ്ദേഹം, പഠനത്തോടൊപ്പം അധിക വരുമാനത്തിനായാണ് പീത്സ ഡെലിവറി ജോലി ചെയ്തിരുന്നത്. സംഭവം നടന്നത് നോർത്ത് ഫിലാഡൽഫിയയിലെ എഡ്ഗലേ സ്ട്രീറ്റിൽ വെച്ചാണ്.
ജൂൺ 7-ാം തീയതി പുലർച്ചെ 12:30-ഓടെ ഓർഡർ അനുസരിച്ച് പീത്സ എത്തിച്ചതായിരുന്നു അൻഷുൽ. ഡെലിവറി പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് അജ്ഞാതരുടെ വെടിയേറ്റത്.
തലയ്ക്ക് വെടിയേറ്റ നിലയിൽ ചോരയിൽ കുളിച്ചുകിടന്ന അൻഷുലിനെ വിവരം അറിഞ്ഞെത്തിയ പോലീസ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, അൻഷുൽ പീത്സ എത്തിച്ച വീട് നിലവിൽ ആൾതാമസമില്ലാത്തതും വിൽപനയ്ക്കായി വെച്ചിരിക്കുന്നതുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹത്തിന് സമീപത്ത് നിന്ന് വെടിയുണ്ടയുടെ മൂന്ന് ഭാഗങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അക്രമികൾ വളരെ അടുത്ത് നിന്നാണ് വെടിയുതിർത്തതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ രണ്ട് യുവാക്കൾ അൻഷുലിനെ പിന്തുടരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.
അൻഷുലിന്റെ പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ല. പീത്സ ആവശ്യപ്പെടുക എന്ന വ്യാജേന ഇദ്ദേഹത്തെ കെണിയിൽപ്പെടുത്തി വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിക്കുന്നു.
മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബന്ധുക്കൾ അധികൃതരോട് അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

