മുംബൈ: ഐപിഎൽ ഫൈനൽ വേദി ബെംഗളൂരുവിൽ നിന്ന് മാറ്റിയ ബിസിസിഐ നടപടിക്ക് പിന്നിലെ കാരണങ്ങൾ പുറത്ത്. രാഷ്ട്രീയക്കാർക്കും അസോസിയേഷൻ അംഗങ്ങൾക്കുമായി ആയിരക്കണക്കിന് സൗജന്യ ടിക്കറ്റുകൾ അധികമായി നൽകണമെന്ന കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (കെഎസിഎ) നിലപാടാണ് വേദി മാറ്റാൻ ബിസിസിഐയെ നിര്‍ബന്ധിതരാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ഇക്കാര്യം ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഐപിഎൽ ചട്ടപ്രകാരം സ്റ്റേഡിയത്തിലെ ആകെയുള്ള സീറ്റുകളുടെ 15 ശതമാനം മാത്രമേ ആതിഥേയ അസോസിയേഷന് സൗജന്യ ടിക്കറ്റുകളായി നൽകാൻ അനുവാദമുള്ളൂ.
എന്നാൽ ബെംഗളൂരുവിലെ ലീഗ് മത്സരങ്ങളിൽ കെഎസിഎ ഈ പരിധി ലംഘിച്ച് ടിക്കറ്റുകൾ കൈക്കലാക്കിയതായി ബിസിസിഐക്ക് വിവരം ലഭിച്ചിരുന്നു. ഇതേക്കുറിച്ച് വിശദീകരണം ചോദിച്ച ബിസിസിഐക്ക് മെയ് 2-ന് ലഭിച്ച ഇമെയിൽ മറുപടിയാണ് കാര്യങ്ങൾ വഷളാക്കിയത്.
15 ശതമാനം ക്വോട്ടയ്ക്ക് പുറമെ എംഎൽഎമാർക്കും സംസ്ഥാന സർക്കാരിലെ ഉന്നതർക്കും അസോസിയേഷൻ അംഗങ്ങൾക്കുമായി പതിനായിരത്തോളം അധിക ടിക്കറ്റുകൾ വേണമെന്നായിരുന്നു കെഎസിഎയുടെ ആവശ്യം. കെഎസിഎയുടെ ആവശ്യങ്ങൾ ബിസിസിഐ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ദേവജിത് സൈക്കിയ വ്യക്തമാക്കി.
കെഎസിഎയുടെ ഇമെയിൽ കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. എംഎൽഎമാർക്കും ക്ലബ്ബുകൾക്കുമായി വലിയൊരു വിഹിതം ടിക്കറ്റുകൾ അവർ ആവശ്യപ്പെട്ടു.
ബിസിസിഐ നിശ്ചയിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്ക് പുറത്തുള്ള ഇത്തരം ആവശ്യങ്ങൾ അംഗീകരിച്ച് മുന്നോട്ട് പോകാനാവില്ല. അതുകൊണ്ടാണ് വേദി മാറ്റാൻ തീരുമാനിച്ചത്- സൈക്കിയ പറഞ്ഞു.
ബെംഗളൂരുവിൽ നിന്ന് മാറ്റിയ ഫൈനൽ മെയ് 31-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. മെയ് 26-ന് ധരംശാലയിൽ ആദ്യ ക്വാളിഫയറും, മെയ് 27, 29 തീയതികളിൽ ന്യൂ ചണ്ഡീഗഡിൽ (മുള്ളൻപൂർ) എലിമിനേറ്റർ, ക്വാളിഫയർ-2 മത്സരങ്ങളും നടക്കും.
നേരത്തെ സ്റ്റേഡിയത്തിലെ സീറ്റുകളുടെ കുറവാകാം വേദി മാറ്റത്തിന് കാരണമെന്ന് കർണാടക ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നെങ്കിലും, രാഷ്ട്രീയ ഇടപെടലുകളും ടിക്കറ്റ് തർക്കവുമാണ് യഥാർത്ഥ വില്ലനായതെന്നാണ് ബിസിസിഐയുടെ വെളിപ്പെടുത്തലോടെ വ്യക്തമാകുന്നത്. രാഷ്ട്രീയക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകാനുള്ള കെഎസിഎയുടെ നീക്കമാണ് ഫൈനല്‍ വേദി ബെംഗളൂരുവിന് നഷ്ടമാാകന്‍ കാരാണമായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

