മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനമായ ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിന്റെ (ടിഎൽപിഎൽ) 150 കോടി രൂപ വില മതിക്കുന്ന സാധനങ്ങൾ വെറും 16 കോടി രൂപയ്ക്കു ലേലത്തിൽ വിറ്റ നടപടി നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) ബെംഗളൂരു ബെഞ്ച് തൽക്കാലം റദ്ദാക്കി. ലേലം നടത്തിയ റെസല്യൂഷൻ പ്രൊഫഷണൽ ശൈലേന്ദ്ര അജ്മേറയോടും (ആർപി) സാധനങ്ങൾ ലേലത്തിൽ പിടിച്ച കോംപ്രിന്റ് ടെക് സൊല്യൂഷൻസിനോടും അവ തൽക്കാലം നിലവിലെ സ്ഥിതിയിൽതന്നെ നിലനിർത്താൻ ട്രൈബ്യൂണൽ നിർദേശം നൽകിയിട്ടുണ്ട്.
ലേലത്തിൽ പിടിച്ച സാധനങ്ങൾ നിലവിൽ എവിടെയുണ്ടെന്നതിന്റെ വിശദവിവരങ്ങളും ചിത്രങ്ങളും സഹിതം ഹാജരാക്കാൻ കോംപ്രിന്റിനോട് ബെഞ്ച് ആവശ്യപ്പെട്ടു. കേസ് വീണ്ടും പരിഗണിക്കുന്ന സെപ്റ്റംബർ 21 വരെയാണ് വിറ്റഴിച്ച നടപടി മരവിപ്പിച്ചിരിക്കുന്നത്.
ബൈജൂസിന്റെ ഉപസ്ഥാപനവും പാപ്പരത്ത നടപടി നേരിടുന്ന കമ്പനിയുമായ കെ3 എഡ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹർജിയാണ് എൻസിഎൽടി പരിഗണിക്കുന്നത്. വെറും 4 ദിവസംകൊണ്ട് ധൃതിപിടിച്ച് വസ്തുക്കൾ ലേലം ചെയ്തതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് കമ്പനി കോടതിയിൽ വാദിച്ചു.
കൂടാതെ, ഉടമസ്ഥാവകാശം തെളിയിക്കാനുള്ള ചില വസ്തുക്കളും മൂന്നാംകക്ഷിയുടെ വസ്തുക്കളും ലേലത്തിൽ ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഹർജിക്കാർ ആരോപിച്ചു. പാപ്പരത്ത നടപടികൾക്ക് പരിഹാരമാകാവുന്ന സുപ്രധാന ആസ്തികളാണ് ഇത്തരത്തിൽ നിസ്സാര വിലയ്ക്ക് ലേലം ചെയ്തത്.
മാത്രമല്ല, ഈ ആസ്തികളുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ സഹായിക്കുമായിരുന്ന 2024 ഡിസംബർ മുതലുള്ള ആസ്തി വിവര രേഖകൾ ആർപി ട്രൈബ്യൂണലിൽ ഹാജരാക്കിയിട്ടില്ലെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ, ബൈജൂസിന്റെ നിയമാനുസൃതമായ ആസ്തികൾ തന്നെയാണ് ലേലത്തിൽ വിറ്റതെന്നും ഇതിനു കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സിന്റെ അംഗീകാരമുണ്ടായിരുന്നെന്നും ആർപി കോടതിയിൽ വാദിച്ചു.
ആസ്തികൾ വാങ്ങിയ കോംപ്രിന്റിനെ കുറിച്ചുള്ള സംശയവും ഹർജിക്കാർ പ്രകടിപ്പിച്ചു. ഇതുവരെ പണിപൂർത്തിയാകാത്ത കെട്ടിടമാണ് കമ്പനിയുടെ റജിസ്ട്രേഡ് അഡ്രസ്സായി കാണിച്ചിരിക്കുന്നതെന്നും, ഇവിടെ പലവട്ടം സന്ദർശിച്ചപ്പോഴും ഇത് പൂട്ടിക്കിടക്കുന്നതാണ് കണ്ടതെന്നും അവർ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

