തിരുവനന്തപുരം ജില്ലയിലെ ആര്യനാട് പോലീസ് സ്റ്റേഷന് നേരെ ഉണ്ടായ ആക്രമണത്തിൽ ഉഴമലക്കൽ സ്വദേശിയായ യദു കൃഷ്ണൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10:30 ഓടെയാണ് സ്റ്റേഷൻ പരിസരത്ത് സംഘർഷാവസ്ഥയുണ്ടായത്.
മദ്യലഹരിയിൽ സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി, അവിടെ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പ് അടിച്ചുതകർക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ഇയാൾ, പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ സമീപത്തെ ആശുപത്രിയിലേക്ക് ഓടിക്കയറി.
ആശുപത്രിയിലെ ഡോക്ടറുടെ ക്യാബിനിൽ ഒളിച്ച പ്രതി, പിന്തുടർന്നെത്തിയ ഇൻസ്പെക്ടർ ദേവരാജനെ ക്യാബിനിലുണ്ടായിരുന്ന ഇരുമ്പ് കസേര ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ പോലീസുകാർ സ്ഥലത്തെത്തി പെപ്പർ സ്പ്രേ പ്രയോഗിച്ചാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.
ഗുരുതരമായി പരിക്കേറ്റ ഇൻസ്പെക്ടർ ദേവരാജൻ നിലവിൽ ചികിത്സയിലാണ്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് സ്റ്റേഷൻ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രതി സ്വന്തം യൂട്യൂബ് ചാനലിലൂടെ ലൈവ് വീഡിയോ പങ്കുവെച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. പ്രകോപനമൊന്നുമില്ലാതെ ആസൂത്രിതമായാണ് അക്രമം നടന്നതെന്ന് പോലീസ് വിലയിരുത്തുമ്പോൾ, പ്രതിക്ക് മാനസിക വെല്ലുവിളികൾ ഉണ്ടെന്ന വാദമാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്.
പ്രതിയുടെ പശ്ചാത്തലം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

