ജി സുധാകരൻ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സ് മാസങ്ങൾക്ക് ശേഷം തുറന്നതിന് പിന്നാലെ വ്യാപകമായ സൈബർ ആക്രമണം നേരിട്ടു. സി പി എമ്മുമായുള്ള ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണങ്ങൾ നേരിട്ടതിനെത്തുടർന്ന് രണ്ട് മാസം മുൻപാണ് മുൻ മന്ത്രി കൂടിയായ അദ്ദേഹം കമന്റ് ബോക്സ് നിയന്ത്രിച്ചത്.
ആലപ്പുഴയിൽ നാളെ പ്രവർത്തനം ആരംഭിക്കുന്ന എം എൽ എ ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയാണ് വലിയ രീതിയിലുള്ള വിമർശനങ്ങളും അധിക്ഷേപങ്ങളും ഉയർന്നത്.
ഇതിനെത്തുടർന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ അദ്ദേഹം കമന്റ് ബോക്സ് വീണ്ടും പൂട്ടുകയായിരുന്നു. ഈ നടപടികൾക്ക് പിന്നിൽ സി പി എം സൈബർ പ്രവർത്തകരാണെന്നാണ് സൂചനകൾ.
സി പി എം ബന്ധം ഉപേക്ഷിച്ചതിന് ശേഷം നിരന്തരമായി ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. അമ്പലപ്പുഴയിലെ സിറ്റിംഗ് എം എൽ എ ആയിരുന്ന എച്ച് സലാംനെ വൻ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയാണ് ജി സുധാകരൻ വിജയിച്ചത്.
സി പി എമ്മിൽ നിന്ന് പുറത്തുവരികയും യു ഡി എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിക്കുകയും ചെയ്തതാണ് സി പി എം അനുഭാവികളെ പ്രകോപിപ്പിച്ചത്. അതേസമയം, എ ഐ സി സി സംഘടന ജനറൽ സെക്രട്ടറിയും ആലപ്പുഴ എം പിയുമായ കെ സി വേണുഗോപാൽ ആണ് ജി സുധാകരന്റെ എം എൽ എ ഓഫീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്.
സി പി എം വിട്ടതും കോൺഗ്രസ് പിന്തുണയോടെ വിജയിച്ചതും സംബന്ധിച്ചുള്ള അതൃപ്തിയാണ് കമന്റ് ബോക്സിലെ അധിക്ഷേപങ്ങൾക്ക് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

