കോഴിക്കോട്: താമരശ്ശേരിയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്ന് വിദ്യാർഥികളിൽ ഒരാളെ കണ്ടെത്തി. വ്യാഴാഴ്ച മുതൽ കാണാതായ പത്താം ക്ലാസ് വിദ്യാർഥിനി (15), പ്ലസ് ടു വിദ്യാർഥി (17), പ്ലസ് വൺ വിദ്യാർഥി (15) എന്നിവർക്കായി വ്യാപകമായ തിരച്ചിലായിരുന്നു നടന്നു വന്നിരുന്നത്.
വയനാട് വടുവൻചാലിലെ ചിത്രഗിരിയിൽ ഇവർ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും രക്ഷിതാക്കളും നടത്തിയ പരിശോധനയിലാണ് പ്ലസ് വൺ വിദ്യാർഥിയെ കണ്ടെത്താനായത്. പൊലീസ് എത്തിയ വിവരം അറിഞ്ഞതോടെ മറ്റ് രണ്ട് കുട്ടികൾ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
നിലവിൽ താമരശ്ശേരി, മേപ്പാടി പൊലീസ് സംഘങ്ങളും രക്ഷിതാക്കളും ചേർന്ന് ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലം
സ്കൂളിലേക്കെന്നു പറഞ്ഞാണ് പത്താം ക്ലാസ് വിദ്യാർഥിനി വീട്ടിൽ നിന്നും പുറപ്പെട്ടത്.
എന്നാൽ ക്ലാസിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപകർ വീട്ടിൽ വിവരമറിയിച്ചതോടെയാണ് പെൺകുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. സ്കൂളിന് സമീപമുള്ള റബർ തോട്ടത്തിന് സമീപത്തെ പറമ്പിൽ നിന്ന് പെൺകുട്ടിയുടെ യൂണിഫോം കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് പെൺകുട്ടിയുടെ സുഹൃത്തായ പ്ലസ് ടു വിദ്യാർഥിയെയും മറ്റൊരു വിദ്യാർഥിയെയും കാണാതായ വിവരം വ്യക്തമായത്. തെളിവുകൾ ശേഖരിച്ചു
മൂന്ന് വിദ്യാർഥികളും പറമ്പിൽ നിൽക്കുന്നത് സമീപത്തെ റബർ തോട്ടത്തിലെ തൊഴിലാളിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഇവർ പകർത്തിയ ചിത്രങ്ങൾ സ്കൂൾ അധികൃതർക്ക് കൈമാറിയത് അന്വേഷണത്തിൽ നിർണായകമായി. വിദ്യാർഥികൾ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനങ്ങളുടെ നമ്പറുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ, ലക്കിടി ചുരം വഴി ഇവർ യാത്ര ചെയ്തതായി സ്ഥിരീകരിച്ചു.
ഡിജിറ്റൽ തെളിവുകൾ ഒഴിവാക്കാൻ ശ്രമം
യാത്രയ്ക്കിടെ 18,000 രൂപ വിലമതിക്കുന്ന സ്മാർട് ഫോൺ 10,000 രൂപയ്ക്ക് താമരശ്ശേരിയിലെ കടയിൽ വിറ്റതായി അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ കൈവശമുണ്ടായിരുന്ന ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഡിജിറ്റൽ തെളിവുകൾ ഒഴിവാക്കിയാണ് ഇവർ സഞ്ചരിച്ചത്.
സൈബർ സെല്ലിന്റെ സഹായത്തോടെയും കർണാടക പൊലീസുമായി ഏകോപനം നടത്തിയും കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

