നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി അഷ്കര്‍ കുറ്റം സമ്മതിച്ചു. ക്രൂരമായ ശാരീരിക മർദ്ദനമാണ് കുഞ്ഞിന്റെ മരണത്തിന് വഴിവെച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
പ്രതി കുഞ്ഞിന്റെ കാലിൽ ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. കൈകൾ ഒടിഞ്ഞ നിലയിലായിരുന്ന കുഞ്ഞിനെ പന്ത്രണ്ട് ദിവസത്തിന് ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൗനസമ്മതം ഉണ്ടായിരുന്നതായും പോലീസ് സ്ഥിരീകരിച്ചു. കുഞ്ഞിനെതിരായ അതിക്രൂരമായ ആക്രമണങ്ങളെക്കുറിച്ച് അമ്മയ്ക്ക് അറിവുണ്ടായിരുന്നുവെന്നും അത് തടയാൻ ശ്രമിച്ചില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. കുട്ടിയുടെ ശരീരത്തിൽ ആകെ 91 മുറിവുകളാണ് കണ്ടെത്തിയത്.
കൂടാതെ വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലുമായിരുന്നു. നെഞ്ചിലും തലയ്ക്കുമേറ്റ മാരകമായ ക്ഷതമാണ് കുഞ്ഞിന്റെ മരണത്തിന് നേരിട്ടുള്ള കാരണമായതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

