സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണം ശക്തമാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തീരുമാനിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടി, സിഎംആർഎൽ എംഡി ശശിധരൻ കർത്ത എന്നിവർക്ക് സമൻസ് അയച്ച് ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നതിന് മുന്നോടിയായി പരമാവധി തെളിവുകൾ ശേഖരിക്കാനാണ് ഏജൻസിയുടെ തീരുമാനം.
കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നേരത്തെ നടത്തിയ അന്വേഷണത്തിൽ ലഭിച്ച തെളിവുകൾ ഇഡി ശേഖരിക്കും. രാഷ്ട്രീയ പ്രാധാന്യമുള്ള കേസിൽ ഒരുതരത്തിലുള്ള വീഴ്ചകളും സംഭവിക്കാതിരിക്കാൻ അതീവ ജാഗ്രതയോടെയാണ് നടപടികൾ പുരോഗമിക്കുന്നത്.
നിലവിൽ ചോദ്യം ചെയ്യലിനോ അറസ്റ്റ് നടപടികൾക്കോ തടസ്സങ്ങളില്ലെങ്കിലും, ശക്തമായ തെളിവുകൾ ഉറപ്പാക്കിയ ശേഷം തുടർനീക്കങ്ങൾ നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് അനുകൂലമായ നിർണ്ണായക ഉത്തരവ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നും ലഭിച്ചിരുന്നു.
അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളുകയായിരുന്നു. അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയ കോടതി, അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ തടയണമെന്ന ഹർജിക്കാരുടെ ആവശ്യവും അംഗീകരിച്ചില്ല.
ഇതോടെ കേസിൽ സമൻസ് അയക്കാനും ചോദ്യം ചെയ്യലിനും നിയമപരമായ തടസ്സങ്ങൾ പൂർണ്ണമായും നീങ്ങിയിട്ടുണ്ട്. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ, സേവനങ്ങളൊന്നും ലഭ്യമാക്കാതെ സിഎംആർഎല്ലിൽ നിന്ന് വീണ തൈക്കണ്ടിയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി രണ്ട് കോടി എഴുപത്തിഎട്ട് ലക്ഷം രൂപ കൈപ്പറ്റിയെന്നതാണ് കേസിലെ പ്രധാന ആരോപണം.
ഈ സാമ്പത്തിക ഇടപാടിലെ നിയമസാധുതയാണ് ഇഡി പരിശോധിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

