
ദില്ലി: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്നലെ രാത്രി ഒപ്പ് വെച്ചതോടെ വഖഫ് ഭേദഗതി ബിൽ നിയമമായി. വഖഫ് ബിൽ നിയമമായതോടെ ഭേദഗതിക്കെതിരായ പ്രതിഷേധവും ശക്തമാവുകയാണ്. പ്രതിഷേധം രാജ്യവ്യാപകമാക്കാൻ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് തീരുമാനിച്ചു.
മലപ്പുറം, ദില്ലി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, വിജയവാഡ, പറ്റ്ന, റാഞ്ചി, മലേര്‍കോട്ല, ലഖ്നൗ എന്നിവിടങ്ങളിൽ പ്രതിഷേധം നടത്താനാണ് തീരുമാനം. ജെഎൻയു സർവകലാശാലയിൽ ഇന്ന് പ്രതിഷേധം നടക്കും. ദില്ലി ജാമിയ മിലിയ സർവകലാശാലയിലും വിദ്യാർത്ഥികൾ പ്രതിഷേധിക്കും.
ബില്ലില്‍ ഒപ്പ് വയ്ക്കരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം ലീഗും രാഷ്ട്രപതിയോടഭ്യര്‍ത്ഥിച്ചിരുന്നു. ബില്ലിനെതിരെ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സുപ്രീകോടതിയെ സമീപിക്കാനുള്ള നീക്കത്തിലുമായിരുന്നു. ഇതിനിടയിലാണ് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നത്. പാർലമെന്റിന്റെ ഇരുസഭകളും വഖഫ് ബിൽ പാസാക്കിയതോടെയാണ് ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നൽകിയത്.
ബില്ലിൽ അടുത്ത ആഴ്ച്ചയോടെ രാഷ്ട്രപതി ഒപ്പവെക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകിയിരുന്ന സൂചന. എന്നാൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകുകയായിരുന്നു. രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബിൽ നിയമമാക്കി വിജ്ഞാപനം ഇറങ്ങും. ഇതിനുപിന്നാലെ നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും പുറത്തിറക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]