പുനർജനി പദ്ധതിയുടെ ഭാഗമായി 216 വീടുകൾ നിർമിച്ചെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി വി.ഡി.സതീശൻ ഈ വീടുകൾ എവിടെയെന്നും അവിടെ താമസിക്കുന്ന കുടുംബങ്ങളുടെയും വിവരങ്ങൾ പുറത്തുവിടാൻ തയാറാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ചോദിച്ചു. സ്വകാര്യ ആശുപത്രികളും വ്യക്തികളും സ്പോൺസർ ചെയ്തു നിർമ്മിച്ച 19 വീടുകളിൽ പുനർജനിയെന്ന ബോർഡ് വയ്ക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും പദ്ധതിയുടെ പേരിൽ പിരിച്ച കോടിക്കണക്കിനു രൂപ മുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പറവൂരിൽ നടന്ന എൽഡിഎഫ് പ്രതിഷേധ സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുകെയിലെ ബർമിങ്ങാമിൽ നടന്ന യോഗത്തിൽ സതീശൻ പങ്കെടുത്തതിന്റെയും പറവൂരിലെ ദുരന്തബാധിതർക്ക് 216 വീടുകൾ നിർമിച്ചു നൽകുന്നതിനായി കുറഞ്ഞത് 500 പൗണ്ട് വീതം സംഭാവന ആവശ്യപ്പെട്ടതിന്റെയും ദൃശ്യങ്ങൾ താൻ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചിരുന്നുവെന്ന് ഗോവിന്ദൻ വ്യക്തമാക്കി.
മുൻപ് നിയമസഭയിലും ഇക്കാര്യം ചർച്ചയായതാണെങ്കിലും താൻ ഒരു നയാ പൈസയും പിരിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നതോടെ തനിക്കല്ല, മറ്റു ചിലരുടെ അക്കൗണ്ടുകളിലേക്കാണ് പണം വന്നതെന്ന പുതിയ ന്യായീകരണവുമായി അദ്ദേഹം രംഗത്തെത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വിദേശ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ നിലനിൽക്കെയാണ് വിജിലൻസ് അന്വേഷണത്തിൽ വി.ഡി.സതീശനെ ഒഴിവാക്കിയെന്ന തെറ്റായ അവകാശവാദവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പുകമറ സൃഷ്ടിക്കുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
പുനർജനി കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ഗൂഡാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ദിവസേന പുതിയ കള്ളങ്ങൾ പറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുന്ന വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണം തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക ഹെലികോപ്റ്റർ വ്യക്തിഗത ആവശ്യത്തിന് ഉപയോഗിച്ച അദ്ദേഹം, അത് ചോദിച്ചപ്പോൾ ഒരു നിക്ഷേപകനെ കാണാനാണ് പോയതെന്ന പുതിയ കള്ളം പറയുകയാണ്. ഏത് സംരംഭകനെ കാണാനാണ് പോയതെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയാറായിട്ടില്ല.
ഔദ്യോഗിക റൂട്ട് മാപ്പുകൾ പരിശോധിച്ചാൽ അദ്ദേഹം നേരെ സ്വന്തം വീട്ടിലേക്കാണ് പോയതെന്ന് വ്യക്തമാകും. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വ്യക്തിപരമായ ആവശ്യത്തിന് ഹെലികോപ്റ്ററിൽ യാത്ര നടത്തുകയും ശേഷം തട്ടിക്കൂട്ട് ന്യായീകരണങ്ങൾ ഉന്നയിക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്.
സംസ്ഥാനത്ത് കനത്ത പ്രളയവും കാലവർഷക്കെടുതിയും ഉണ്ടായപ്പോൾ തികഞ്ഞ അനാസ്ഥയും നിഷ്ക്രിയത്വവുമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. കേന്ദ്രത്തിൽ നിന്ന് ശക്തമായ മുന്നറിയിപ്പ് ലഭിച്ചിട്ടും ആവശ്യമായ മുൻകരുതലുകളോ അലർട്ടുകളോ പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായില്ല.
മുഖ്യമന്ത്രി വെള്ളപ്പൊക്ക ദുരന്തങ്ങൾക്കിടയിലും വിഐപി സന്ദർശനങ്ങളിലും ഉച്ചഭക്ഷണങ്ങളിലും ജ്വല്ലറി ഉദ്ഘാടനങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. തിരുവനന്തപുരത്ത് കാണാതായ ആളിന്റെ കുട്ടി കണ്ണീരോട് സഹായം ചോദിക്കുമ്പോഴും ആശ്വാസവാക്ക് പറയാൻ പോലും ഭരണാധികാരികൾ ഉണ്ടായിരുന്നില്ല.
കാണാതായ മത്സ്യത്തൊഴിലാളികളെ കുറിച്ച്, ‘കടലിൽ പോയാൽ ബോഡി കിട്ടാൻ സമയമെടുക്കും’ എന്ന മന്ത്രി മുരളീധരന്റെ പ്രസ്താവന രക്ഷാപ്രവർത്തനത്തിലെ ലാഘവത്വമാണ് വ്യക്തമാക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. മഴക്കെടുതി അനുഭവിക്കുന്ന ക്യാമ്പുകളിൽ പേസ്റ്റോ സോപ്പോ കിടക്കാൻ പായയോ പോലും ലഭിക്കാതെ ജനങ്ങൾ വലയുകയാണ്.
റവന്യൂ-തദ്ദേശ വകുപ്പുകൾ തമ്മിലുള്ള തർക്കവും ഏകോപനമില്ലായ്മയും ദുരിതാശ്വാസ പ്രവർത്തനങ്ങളെ പൂർണമായി സ്തംഭിപ്പിച്ചു. അധികാരമേറ്റ് 70 ദിവസം തികയും മുൻപുതന്നെ കേരള ചരിത്രത്തിലെ ഏറ്റവും ജനവിരുദ്ധവും പരാജയപ്പെട്ടതുമായ ഭരണമായി സർക്കാർ മാറി.
പറവൂരിൽ നടന്ന പ്രതിഷേധത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എസ്.സതീശ്, സിപിഐ ജില്ലാ സെക്രട്ടറി എൻ.അരുൺ തുടങ്ങിയവരും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

