
ദോഹ: ഖത്തറിലെ ആധുനിക പൊതു ഗതാഗത സംവിധാനമായ ലുസൈൽ ട്രാമിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം ഒരു കോടി (10 മില്യൺ) പിന്നിട്ടതായി അധികൃതർ അറിയിച്ചു. 2022 ജനുവരിയിൽ ട്രാം സർവീസ് തുടങ്ങിയത് മുതൽ ഇതുവരെയുള്ള കണക്കാണിത്.
ഔദ്യോഗിക അക്കൗണ്ടിലൂടെ ഖത്തർ റെയിൽവേ ആണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. 2022 ഡിസംബർ 18ന് നടന്ന ഫിഫ വേൾഡ് കപ്പ് ഫൈനൽ സമയത്തായിരുന്നു ട്രാമിൽ ഏറ്റവുമധികം പേർ യാത്ര ചെയ്തത്.
ഒരു ദിവസം 33,000 യാത്രക്കാർ അന്ന് ട്രാമിന്റെ സേവനം ഉപയോഗപ്പെടുത്തി. 2022 ജനുവരിയിൽ ഓറഞ്ച് ലൈനിൽ ഏഴ് സ്റ്റേഷനുകളോടെയാണ് ലുസൈൽ ട്രാം ആരംഭിച്ചത്.
2024 ഏപ്രിലിൽ പിങ്ക് ലൈൻ കൂട്ടിച്ചേർക്കുകയും ഓറഞ്ച് ലൈനിലെ എല്ലാ സ്റ്റേഷനുകളും വികസിപ്പിക്കുകയും ചെയ്തു. 2025 ജനുവരിയിൽ ടർക്കോയ്സ് ലൈനും ലുസൈൽ ട്രാമിൽ കൂട്ടിച്ചേർത്തു.
2022 ഫിഫ വേൾഡ് കപ്പ്, 2023 എഎഫ്സി ഏഷ്യൻ കപ്പ്, പുതുവത്സര ആഘോഷങ്ങൾ തുടങ്ങിയ പ്രധാന പരിപാടികൾക്ക് പൊതുഗതാഗത സംവിധാനമെന്ന നിലയിൽ പിന്തുണ നൽകാൻ ട്രാമിന് കഴിഞ്ഞു. ഖത്തർ റെയിൽ ഗതാഗത മന്ത്രാലയവുമായും മൊവാസലാത്ത് (കർവ) യുമായും സഹകരിച്ചാണ് ലുസൈൽ ട്രാം പ്രവർത്തിക്കുന്നത്.
ദോഹ മെട്രോയിലെ ലെഗ്തൈഫിയ, ലുസൈൽ ക്യുഎൻബി സ്റ്റേഷനുകളിൽ ട്രാം മെട്രോയുമായി ബന്ധിക്കപ്പെടുന്നു. യാത്രക്കാർക്ക് ഒരു കാർഡ് ഉപയോഗിച്ച് തന്നെ മെട്രോയിലും ട്രാമിലും അധിക നിരക്കില്ലാതെ യാത്ര ചെയ്യാനാകും.
ഉയർന്ന സേവനനിലവാരം പുലർത്തുന്ന ലുസൈൽ ട്രാമിന് 99.9% ഉപഭോക്തൃ സംതൃപ്തിയും മികച്ച സുരക്ഷാ റെക്കോർഡുമുണ്ട്. വിശ്വാസ്യത, സമയനിഷ്ഠ, സേവന ലഭ്യത എന്നിവയെല്ലാം 98 ശതമാനത്തിന് മുകളിലാണ്.
ഖത്തർ നാഷണൽ വിഷൻ 2030 പ്രകാരം ഗതാഗത രംഗത്തെ വലിയ വിജയമായാണ് ഈ നേട്ടം വിലയിരുത്തുന്നത്. ലുസൈൽ നഗരം മുഴുവൻ സുതാര്യമായി ബന്ധിപ്പിക്കുന്നതിൽ ട്രാം സംവിധാനം വഹിക്കുന്ന പങ്ക് നിർണായകമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]